കോട്ടയം: കൊവിഡ് 19 റെഡ് സോണിലുൾപ്പെട്ട ജില്ലയിൽ പൊതു സ്ഥലങ്ങളിൽ അഞ്ചുപേരിൽ കൂടുതൽ കൂട്ടം കൂടുന്നതിന് നിരോധം. നിയന്ത്രണങ്ങൾ ലംഘിച്ച് പൊതുസ്ഥലങ്ങളിൽ ആളുകൾ സംഘടിക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് നടപടി. അതെസമയം ജില്ലയിൽ ചൊവ്വാഴ്ച്ചയെത്തിയ 25 ശ്രവ സാമ്പിൾ പരിശോധനാ ഫലവും നെഗറ്റീവായിരുന്നു. ഇന്നലെ മാത്രം 149 പേരുടെ ശ്രവ സാമ്പിളുകളാണ് ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചത്. കൊവിഡ് 19 രോഗലക്ഷണങ്ങളുമായി രണ്ട് പേരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഇതിൽ കോട്ടയം സ്വദേശിക്ക് പുറമെ ഒരു ഇടുക്കി സ്വദേശിയും ഉൾപ്പെടുന്നു.
കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ കൊവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം ഇതിനിടെ 18 ആയി ഉയർന്നു. രോഗബാധിതയായ ഇടുക്കി സ്വദേശിയായ യുവതിയെ കൂടി ഇവിടേക്ക് എത്തിച്ചതോടെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം വർധിച്ചത്.ചികിത്സയിലുള്ള 18 പേരുടെയും ആരോഗ്യനില തൃപ്തികരമായി തുടരുന്നതായി ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവിൽ 395 പേരുടെ പരിശോധന ഫലമാണ് ജില്ലയിൽ ലഭിക്കാനുള്ളത്.
രോഗം സ്ഥിരികരിച്ചവരുടെ പ്രൈമറി കോണ്ടാക്‌റ്റായ 106 പേരെയും സെക്കണ്ടറി കോണ്ടാക്‌റ്റിലുൾപ്പെടുത്തി 107 പേരെയും പുതുതായി കണ്ടെത്തി നീരീക്ഷണത്തിലാക്കി. 313 പേരെയാണ് ചെവ്വാഴ്ച്ച മാത്രം ജില്ലയിൽ നിരീക്ഷണത്തിലാക്കിയത്. ഇതോടെ ഗാർഹിക നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം ജില്ലയിൽ 1040 ആയി ഉയർന്നു. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്ന അഞ്ചു പേരുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്ത് വിട്ടിരുന്നു. പലരുടെയും റൂട്ട് മാപ്പില്‍ ആശങ്കയുളവാക്കുന്ന സാഹചര്യങ്ങൾ ഉള്ളതായാണ് ജില്ലാ ഭരണകൂടത്തിന്‍റെ വിലയിരുത്തൽ.