കോട്ടയം: കോട്ടയം ജില്ലാ ജനറൽ ആശുപത്രി വികസനത്തിന് 219 കോടി രൂപയുടെ മാസ്റ്റർപ്ലാൻ തയ്യാറായി. ആശുപത്രിയിൽ നിലവിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾക്ക് പുറമേയാണ് പുതിയ മാസ്റ്റർ പ്ലാൻ. നിയമസഭയിൽ എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടിയായാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ഇക്കാര്യം അറിയിച്ചത്. 2I9 കോടി രൂപയുടെ വികസന പദ്ധതിയിൽ ആധുനിക ട്രോമാകെയർ യൂണിറ്റ് മോഡുലർ ഓപ്പറേഷൻ തിയറ്റർ തുടങ്ങിയ സൗകര്യങ്ങൾ ഏർപ്പെടുത്തും. മൂന്നു നിലകളിലായി പുതിയ ബ്ലോക്ക് നിർമ്മിക്കും. മുപ്പതിനായിരം ചതുരശ്ര അടിയിലാണ് പുതിയ ബ്ലോക്ക് നിർമിക്കുന്നത്.
174 കോടി രൂപയുടെ വികസന പദ്ധതികൾക്ക് മാസ്റ്റർപ്ലാൻ തയാറാക്കി കിഫ്ബിക്ക് കൈമാറി. കൂടാതെ ആശുപത്രിയിലെ പേവാർഡ് സൗകര്യം വിപുലമാക്കാന്‍ പ്രത്യേക കെട്ടിടം നിർമിക്കാനും തിരുമാനമായി. കൂടുതൽ ഡയാലിസിസ് യൂണിറ്റുകളും ആരംഭിക്കും. പ്രതിദിനം 2500 ഒപിയും 374 കിടക്കയും ആശുപത്രിയിലുണ്ട്, 410 തസ്തിക കൂടാതെ പദ്ധതിയിൽപ്പെടുത്തി 9 തസ്തിക കൂടി അനുവദിച്ചിട്ടുണ്ട്. ഒപി നവീകരണത്തിനയി 2.3 കോടി രൂപ അനുവദിച്ചു. ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപയും ആശുപത്രിക്കായി അനുവദിച്ചു. ആശുപത്രിയുടെ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്ക് നിർമാണം പൂർത്തിയായി മാസങ്ങൾ പിന്നിട്ടിരുന്നു അഗ്നിശമന സേനയുടെ അനുമതി വൈകുന്നത് മൂലം ഉദ്ഘാടനം വൈകുന്നതിൽ ആക്ഷേപവും ഉയരുന്നുണ്ട്.