കോട്ടയം: ആയിരം പേർക്ക് കൊവിഡ് വാക്സിൻ എന്ന ലക്ഷ്യത്തിൽ വാക്‌സിനേഷൻ നടത്തി കോട്ടയം ജില്ല ഭരണകൂടം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കായി പരിഗണിക്കപ്പെടുന്നവര്‍ക്കാണ് മുൻഗണന നല്‍കിയത് . കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിലാണ് വാക്‌സിനേഷൻ കേന്ദ്രം സജ്ജമാക്കിയത്. പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകുക എന്നതാണ് ലക്ഷ്യമെന്ന് ആരോഗ്യ കേരളം പ്രോഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ പറഞ്ഞു. ഇതിനു പുറമെ ജില്ലയിൽ മറ്റ് 39 കേന്ദ്രങ്ങളിലും ഇന്ന് വാക്‌സിന്‍ വിതരണം നടത്തി.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാമത്തെ ഡോസും കൊവിഡ് പ്രതിരോധത്തിന്‍റെ മുന്‍നിര പ്രവര്‍ത്തകര്‍, അറുപതു വയസിന് മുകളിലുള്ളവര്‍, 45ല്‍ അധികം പ്രായവും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളും ഉള്ളവര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കാണ് ഇപ്പോള്‍ വാക്‌സിന്‍ നല്‍കിവരുന്നത്. cowin.gov.in എന്ന പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തശേഷം വാക്‌സിനേഷന്‍ കേന്ദ്രം തിരഞ്ഞെടുക്കാന്‍ സാധിക്കാത്തവര്‍ക്ക് സൗകര്യപ്രദമായ കേന്ദ്രത്തിലെത്തി കുത്തിവയ്പ്പ് സ്വീകരിക്കാം. കുത്തിവയ്‌പ്പ് എടുക്കുന്നതിൽ ആശങ്ക വേണ്ടെന്നു വാക്‌സിനേഷൻ സ്വീകരിച്ചവർ പറഞ്ഞു. ജില്ലയില്‍ സർക്കാർ ആശുപത്രികൾ, പിഎച്ച്സികൾ സ്‌കൂളുകളിലും ഓഡിറ്റോറിയങ്ങളിലുമായി പ്രത്യേകം സജ്ജീകരിച്ച കേന്ദ്രങ്ങളിലും കുത്തിവയ്‌പ്പ് നൽകി.