കോട്ടയം : ചരിത്രം കഥപറയുന്ന സിഎംഎസ് കോളജിലെത്തുന്നവരെ കാത്ത് ശിൽപഭംഗിയും. പ്രശസ്‌ത ശിൽപി കെ.എസ് രാധാകൃഷ്ണൻ നിർമിച്ച 'മയ്യ' ശിൽപമാണ് കോളജിന്‍റെ പ്രധാന കവാടത്തിന് സമീപം സ്ഥാപിച്ചത്. കോളജിന് പൈതൃക പദവി ലഭിച്ചതിന്‍റെ ഭാഗമായാണ് വെങ്കല ശിൽപം കോളജ് ക്യാമ്പസിൽ സ്ഥാപിച്ചത്.
ബംഗാളി ഭാഷയിൽ മയ്യ എന്നാൽ പെൺകുട്ടി എന്നാണർഥം. തലകീഴായി കൈ കുത്തി നിന്ന് പുസ്‌തകം വായിക്കുന്ന പെൺകുട്ടിയാണ് ശിൽപത്തിലുള്ളത്. പൂർണമായും വെങ്കലത്തിൽ തീർത്ത ശിൽപം പൂർത്തിയാക്കാൻ ആറുമാസമെടുത്തു. ഇതോടെ ആറടി നീളത്തിലുള്ള മയ്യ ശിൽപം സിഎംഎസ് കോളജിലെ ഏറ്റവും വലിയ ശിൽപമാവും.
ഇംഗ്ലണ്ടും പാരീസുമടക്കം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ശിൽപ പ്രദർശനം നടത്തി പ്രശസ്‌തി നേടിയ കെഎസ് രാധാകൃഷ്‌ണൻ ജൻമനാടിനോടുള്ള ആദരമായാണ് ശിൽപം രൂപകല്‍പ്പന ചെയ്‌തത്. ഡൽഹിയിലെ സുപ്രീം കോടതി വളപ്പിൽ സ്ഥാപിച്ചിട്ടുള്ള ഭരണഘടന ശിൽപവും രാഷ്‌ട്രപതി ഭവനിൽ സ്ഥാപിച്ചിട്ടുള്ള മുൻ രാഷ്‌ട്രപതിമാരായ എ.പി.ജെ. അബ്‌ദുൽ കലാം, കെ.ആർ നാരായണൻ എന്നിവരുടെ പ്രതിമകളും ഇദ്ദേഹം നിർമിച്ചതാണ്.
മയ്യ ഉൾപ്പടെ 7 ശിൽപങ്ങളാണ് കോളജിൽ സ്ഥാപിച്ചത്. കോളജിന്‍റെ ചരിത്രം പറയുന്ന ചുവർ ചിത്രങ്ങൾ, ചുവർ ശിൽപങ്ങളും കലാലയത്തിൽ ഒരുക്കിയിട്ടുണ്ട്. കേന്ദ്ര സർക്കാരിന്‍റെ പൈതൃക പദവി ലഭിച്ചതിന്‍റെ ഭാഗമായാണ് സിഎംഎസ് കോളജിൽ നവീകരണം നടത്തുന്നതെന്ന് പ്രിൻസിപ്പാൾ ഡോ. വർഗീസ് ജോഷ്വ പറഞ്ഞു.