കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നിന്നും നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. കുട്ടിയെ തട്ടിക്കൊണ്ടുപോയത് കാമുകനായ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടിയെന്ന് നിതു പൊലീസിനോട് പറഞ്ഞു. കുട്ടി ഇബ്രാഹിമിന്റെതാണെന്ന് കാണിച്ച് ബ്ളാക്ക്‌മെയിലിങ് നടത്തുകയായിരുന്നു ഉദ്ദേശം.
ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട ഇബ്രാഹിന്റെ സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു നീതു. പിന്നീട് ഇരുവരും ചേർന്ന് കൊച്ചിയിൽ ഒരു സ്ഥാപനം നടത്തിയിരുന്നു. അപ്പോഴാണ് നീതുവിൽ നിന്ന് ഇബ്രാഹിം പണവും സ്വർണവും തട്ടിയെടുത്തതെന്ന് നീതു പറയുന്നു. വിവാഹ വാഗ്ദാനം നൽകി ഇബ്രാഹിം വഞ്ചിച്ചുവെന്നും നീതു ഗർഭിണിയായ വിവരം ഭർത്താവും ഇബ്രാഹിമും അറിഞ്ഞിരുന്നു.
Also Read: നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം; കളമശ്ശേരി സ്വദേശി ഇബ്രാഹിം ബാദുഷ പിടിയില്‍
നീതു പിന്നീട് ഗർഭം അലസിപ്പിച്ചു. ഇക്കാര്യം ഇബ്രാഹിമിനെ അറിയിച്ചില്ല. നീതുവിന്റെ കയ്യിൽ നിന്ന് ഇബ്രാഹിം വാങ്ങിയ 30 ലക്ഷം രൂപയും സ്വർണ്ണവും തിരിച്ചു വാങ്ങാൻ വേണ്ടിയാണ് കുട്ടിയെ വച്ച് ബ്ളാക്ക് മെയിലിങ് നടത്താൻ ശ്രമിച്ചത് എന്ന് നീതു പൊലീസിനോട് പറഞ്ഞു.
ഇബ്രാഹിം ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഇരുവരെയും ഇന്ന് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കും. അതേ സമയം അതീവ സുരക്ഷ മേഖലയിൽ നടന്ന സംഭവത്തിൽ അന്വേഷണം നടത്താൻ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടു. ആര്‍.എം.ഒയുടെ നേതൃത്വത്തിൽ നാലംഗ സമിതിക്ക് അന്വേഷണ ചുമതല കൈമാറി.