കോട്ടയം: ഡൽഹിയിൽ നടന്ന റിപ്പബ്ലിക് ഡേ പരേഡിൽ അക്ഷര നഗരിയുടെ അഭിമാനം വാനോളം ഉയർത്തി കോട്ടയം ബസേലിയസ് കോളജിലെ വിദ്യാര്‍ഥികള്‍. ഡൽഹിയിൽ നടന്ന പരേഡിലാണ് കോളജിലെ എൻ.എസ്.എസ് വോളന്‍റീയർമാരായ 10 അംഗ സംഘ പങ്കെടുത്തത്.
പരേഡിൽ ഭാരതാംബയെ വന്ദിക്കുന്ന സെമി ക്ലാസിക്കൽ നൃത്തമാണ് ഇവര്‍ അവതരിപ്പിച്ചത്. ക്ളാസിക്കൽ, നാടോടി, കണ്ടം പ്രററി, കഥക് നൃത്ത രൂപങ്ങൾ കോർത്തിണക്കിയ 11 മിനിറ്റ് ദൈർഘ്യമുള്ള നൃത്തരൂപമാണ് അവതരിപ്പിച്ചത്.
നാല് ഘട്ടങ്ങളായി നടന്ന മത്സരങ്ങളിലൂടെയാണ് സംഘം റിപ്പബ്ലിക് ദിന പരേഡിന്‍റെ ഭാഗമാകാൻ യോഗ്യത നേടിയത്. ആരതി ഷാജി, ആദിത്യ പ്രദീപ്, ഗോപിതാ ഗോപൻ, മീര രാജ്, അഞ്ജലി പി നായർ, എംകെ ആര്യമോൾ, ആർ നന്ദന, കൃഷ്ണപ്രിയ, നീലാംബരി വർമ്മ, പിഎ അമ്പിളി എന്നിവരായിരുന്നു ടീമിലുണ്ടായിരുന്നത്.
also read: India Republic Day | പ്രൗഡ ഗംഭീരമായി പരേഡ്; രാജ്യം 73-ാമത് റിപ്പബ്ളിക് ദിനം ആഘോഷിക്കുന്നു
വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 480 നർത്തകരാണ് ഇവർക്കൊപ്പം റിപ്പബ്ലിക് പരേഡിൽ പരിപാടി അവതരിപ്പിച്ചത്. കോളജിലെ കൊറിയോഗ്രഫി ക്ലബ് ഇൻ ചാർജും, സുവോളജി അധ്യാപികയുമായ ഉമ സുരേന്ദ്രൻ , പ്രിൻസിപ്പൽ ഡോ.ബിജു തോമസ് , വൈ. പ്രിൻസിപ്പൽ ഡോ.പി.ജ്യോതി മോൾ , എൻഎസ് ഓഫീസർ ഡോ.വിജു കുര്യൻ പ്രഫ. ആഷ്‌ലി തോമസ് എന്നിവർ കുട്ടികള്‍ പിന്തുണയേകി.