കോട്ടയം: കൊവിഡ് 19 ബാധിച്ച് കോട്ടയം മെഡിക്കൽ കോളജിൽ ചികത്സയിലായിരുന്ന അവസാനത്തെയാളും രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. ഇതോടെ കൊവിഡ് വിമുക്ത ജില്ലയായി കോട്ടയം മാറി. കൊവിഡ് 19 ബാധിതരെ പരിചരിക്കുന്നതിനിടെ രോഗം പകർന്ന കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ നേഴ്സ് രേഷ്മ മോഹനാണ് ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുടെ പരിശോധനാഫലവും നെഗറ്റീവ് ആയതോടെ ജില്ലയിൽ ഇനി കൊവിഡ് രോഗികൾ ഇല്ല. മാർച്ച് 23 നാണ് രേഷ്മക്ക് രോഗം സ്ഥിരീകരിച്ചത്.
ഇറ്റലിയിൽ നിന്നെത്തിയ രോഗ ബാധിതരുമായി അടുത്തിടപഴകിയ ചെങ്ങളം സ്വദേശികളായ റോബിനും ഭാര്യ റീനക്കും കൊവിഡ് ബാധിച്ചിരുന്നു. രോഗം ഭേദമായി ഇവർ നേരത്തേ തന്നെ ആശുപത്രി വിട്ടിരുന്നു. ജില്ലയിൽ ആദ്യമായി കൊവിഡ് 19 ബാധിച്ചതും ഇവർക്കായിരുന്നു.
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നിന്നും ആരോഗ്യ മന്ത്രിയുടെ പ്രത്യേക നിര്‍ദേശ പ്രകാരം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ കൊവിഡ് ബാധിതാരയ 93 വയസുള്ള റാന്നി സ്വദേശി തോമസും 88 കാരിയായ ഭാര്യ മറിയാമ്മയും വെള്ളിയാഴ്ച വൈകീട്ടോടെ ആശുപത്രി വിട്ടു. ഇതോടെ പൂർണമായും കൊവിഡ് ബാധിതരില്ലാത്ത ഏക ജില്ലയായി കോട്ടയം മാറി.
നിലവിൽ രോഗലക്ഷണങ്ങളുമായി ഒരാൾ മാത്രമാണ് ജില്ലയിൽ ചികത്സയിലുള്ളത്. പുതിയ പരിശോധന ഫലങ്ങളും നെഗറ്റീവ് ആയതിന്‍റെ ആശ്വാസത്തിലാണ് ജില്ല. 3251 പേര് കൂടി വീടുകളിൽ നിരീക്ഷണത്തിലുണ്ട്. 28 ദിവസത്തെ നിരീക്ഷണ കാലാവധി അവസാനിക്കുന്നവരെ പട്ടികയിൽ നിന്നും ഒഴിവാക്കും.