കോട്ടയം: സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥിന്‍റെ മൃതദേഹം സംസ്‌കരിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഔദ്യോഗിക ബഹുമതികളോടെ കോട്ടയം ഓണംതുരുത്തിലെ വീട്ടുവളപ്പിൽ കൊവിഡ് മാനദണ്ഡപ്രകാരമാണ് ചടങ്ങ് നടന്നത്. മന്ത്രി വി.എൻ വാസവൻ സർക്കാരിനു വേണ്ടി റീത്ത് സമർപ്പിച്ചു.
കൊവിഡിനെ ബാധിച്ച് ഞായറാഴ്ച്ച രാത്രിയിലാണ് അന്ത്യം സംഭവിച്ചത്. 73 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സിനിമയിലും നാടകത്തിലും ലളിതഗാന ശാഖയിലുമായി 2000 ത്തിനടുത്ത് ഗാനങ്ങൾ ചിട്ടപ്പെടുത്തി. നൂറിലേറെ അയ്യപ്പ ഭക്തിഗാനങ്ങള്‍ക്ക് ഈണമിട്ടു.
'ജീസസി'ലൂടെ സിനിമ ലോകത്തേക്ക്
നിരവധി ഭക്തിഗാനങ്ങള്‍ക്ക് രചന നിര്‍വഹിച്ചിട്ടുണ്ട്. ആലപ്പി ഇണമിട്ട 250 ലധികം ഗാനങ്ങൾ പാടിയത് യേശുദാസാണ്. 'സ്വാമി സംഗീതമാലപിക്കും' എന്ന യേശുദാസ് പാടിയ അയ്യപ്പ ഭക്തി ഗാനം എക്കാലത്തേയും ഹിറ്റാണ്. 42 നാടകങ്ങളും 25 നൃത്തനാടകങ്ങളും രചിയ്‌ക്കുകയും സംവിധാനം ചെയ്യുകയുമുണ്ടായി. 1973 ൽ ജീസസ് എന്ന സിനിമയിലാണ് ആദ്യമായി സംഗീത സംവിധാനം നിർവഹിച്ചത്.
സംസ്ഥാന സർക്കാരിന്‍റെ പുരസ്‌കാരം ഉൾപ്പെടെ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്. ഈ വർഷത്തെ ഹരിവരാസനം പുരസ്‌കാര ജേതാവാണ്. പപ്പൻ പ്രിയപ്പെട്ട പപ്പൻ, ആരാന്‍റെ മുല്ല കൊച്ചുമുല്ല, മാമലകൾക്കപ്പുറത്ത്, മടക്കയാത്ര, ക്യാപ്റ്റൻ, ഗുരുദേവൻ തുടങ്ങിയവയാണ് പ്രധാന സിനിമകൾ. പൂച്ചയ്ക്കൊരു മൂക്കുത്തി, വിസ, എനിക്കു മരണമില്ല തുടങ്ങിയ സിനിമകൾക്കാണ് പശ്ചാത്തലസംഗീതം ഒരുക്കിയത്.
ALSO READ: ആലപ്പി രംഗനാഥ് അന്തരിച്ചു