കോട്ടയം: അന്തരിച്ച കേരള കോൺഗ്രസ്(എം) നേതാവ് കെ എം മാണിയുടെ മൃതദേഹം ഇന്ന് കോട്ടയത്തേക്ക് കൊണ്ടു പോകും. എറണാകുളം ലേക്ക്ഷോർ ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം രാവിലെ 9:30 യോടെയാണ് കോട്ടയത്തേക്ക് കൊണ്ടുപോവുക.
ഏറ്റുമാനൂർ വഴി കോട്ടയം പാർട്ടി ഓഫിസിൽ 12 ന് എത്തിച്ചേരും. അവിടെ അരമണിക്കൂറോളം മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. അവിടെ നിന്ന് വിലാപയാത്രയായി തിരുനക്കര മൈതാനത്ത് കൊണ്ടു വരും. വൈകുന്നേരം വരെ ഇവിടെ പൊതുദർശനത്തിന് വയ്ക്കും.
രണ്ട് മണിയോടെ മൃതദേഹം തിരുനക്കരയിൽ നിന്നും അയർക്കുന്നം വഴി മാണിയുടെ സ്വദേശമായ മരങ്ങാട്ട്പള്ളിയിൽ എത്തിക്കും. 3.30 വരെ ഇവിടെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് പാലാ മുനിസിപ്പൽ ടൗൺ ഹാളിൽ എത്തിക്കുന്ന മൃതദേഹം 4.30 ന് പൊതുദർശനത്തിനു വയ്ക്കും. ഇതിനു ശേഷം ആറ് മണിയോടെ പാലായിലെ വീട്ടിലെത്തിക്കും.
നാളെ ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ സംസ്കാര ശ്രുശൂഷകള്‍ ആരംഭിക്കും. വൈകിട്ട് മൂന്ന് മണിക്ക് പാലാ കത്തീഡ്രല്‍ ചര്‍ച്ചിൽ പൂർണ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരചടങ്ങുകള്‍ നടക്കുക.
കെ.എം മാണിയുടെ നിര്യാണത്തിൽ യുപിഎ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ അടക്കമുള്ള മുതിർന്ന നേതാക്കൾ ജോസ് കെ.മാണി എംപിയെ ഫോണിൽ ബന്ധപ്പെട്ട് അനുശോചനം രേഖപ്പെടുത്തി. മാണിയുടെ നിര്യാണത്തെ തുടർന്ന് യുഡിഎഫിന്റെ കോട്ടയം മണ്ഡലത്തിലെ പ്രചാരണ പരിപാടികൾ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ മാറ്റി വച്ചു.