കോട്ടയം : ജില്ലയിൽ മൂന്ന് ദിവസങ്ങളിലുണ്ടായ മഴക്കെടുതിയിൽ കാർഷിക മേഖലയിൽ 18.02 കോടി രൂപയുടെ നാശനഷ്ടം. വെള്ളിയാഴ്ച മുതൽ തിങ്കളാഴ്ച വരെയുള്ള പ്രാഥമിക കണക്കാണിത്. ഈരാറ്റുപേട്ട, കടുത്തുരുത്തി, പാലാ, പാമ്പാടി, വൈക്കം, വാഴൂർ ബ്ലോക്കുകളിലായി 1118.75 ഹെക്ടറിൽ കൃഷി നശിച്ചു.
3,969 കർഷകർക്കാണ് നഷ്ടമുണ്ടായത്. ഏറ്റവും കൂടുതൽ നാശം വൈക്കം ബ്ലോക്കിലാണ്. 2800 കർഷകരുടെ 1054.66 ഹെക്ടറിലെ വിളകളാണ് ഇവിടെ നശിച്ചത്. പാമ്പാടിയിൽ 22.80, ഈരാറ്റുപേട്ടയിൽ 21.24, വാഴൂരിൽ 17.60 എന്നിങ്ങനെ ഹെക്ടറുകളിലെ കൃഷി നശിച്ചു. കടുത്തുരുത്തിയിൽ ഒരു ഹെക്ടറിലും പാലായിൽ 1.45 ഹെക്ടറിലുമാണ് കൃഷി നാശം.
READ MORE: കക്കി - ആനത്തോട് ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നു; തീരപ്രദേശങ്ങളില്‍ ജാഗ്രത നിര്‍ദ്ദേശം
കോട്ടയം ജില്ലയിൽ ശക്തമായ മഴയ്‌ക്കുള്ള സാധ്യതയുള്ളതിനാൽ ഒക്‌ടോബര്‍ 20, 21, 22 തിയ്യതികളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചതായി ജില്ല കലക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. 24 മണിക്കൂറിൽ 64.5 മുതൽ 115.5 മില്ലീമീറ്റർ വരെയുള്ളതാണ് ശക്തമായ മഴയായി കണക്കാക്കുന്നത്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ പറഞ്ഞു.