കോട്ടയം: കെവിൻ വധക്കേസിൽ വിധി പറയുന്നത് ഈ മാസം 22ലേക്ക് മാറ്റി. ദുരഭിമാനക്കൊല എന്ന പ്രോസിക്യൂഷൻ വാദത്തിൽ വ്യക്തത വേണമെന്നാവശ്യപ്പെട്ടാണ് കോടതി വിധി പറയുന്നത് മാറ്റിയത്. കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സി.ജയചന്ദ്രനാണ് കേസ് മാറ്റി വച്ചത്. മൂന്ന് മാസം കൊണ്ട് അതിവേഗം വിചാരണ പൂർത്തിയാക്കിയാണ് കേസ് വിധിയിലേക്ക് എത്തിയത്.
കെവിന്‍റേത് ദുരഭിമാനക്കൊലയെന്നും അപൂർവങ്ങളിൽ അപൂർവമെന്നും പ്രോസിക്യൂഷൻ വാദം. ജാതി വേർതിരിവ് ഉണ്ടായതായും കെവിനെ ജാതിയുടെ പേരിലാണ് അകറ്റി നിർത്തിയതെന്നും കൊലപ്പെടുത്തിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു. നീനുവിന്‍റേയും പിതാവ് ചാക്കോയുടെ സുഹൃത്ത് ലിജോയുടെയും മൊഴിയടക്കമുള്ളവ പ്രോസിക്യൂഷൻ ഉയർത്തിക്കാണിച്ചു. എന്നാൽ, ക്രിസ്ത്യാനികളിൽ വ്യത്യസ്ത ജാതി ഇല്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇരുവരുടെയും വിവാഹം നടത്തിക്കൊടുക്കാം എന്ന് പിതാവ് പറഞ്ഞിരുന്നു എന്ന നീനുവിന്‍റെ മൊഴിയും പ്രതിഭാഗം ചൂണ്ടിക്കാണിച്ചു. അതിനാൽ ദുരഭിമാനം മൂലമല്ല കൊലപാതകം എന്നും പ്രതിഭാഗം വാദിക്കുന്നു. രണ്ടു വാദങ്ങളും കേട്ട ശേഷമാണ് കോടതി വിധി പറയാൻ കേസ് മാറ്റിയത്. 2018 മെയ് 27ന് തട്ടികൊണ്ടുപോയ കെവിനെ 28ന് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ പിതാവ് ചാക്കോ സഹോദരൻ ഷാനു ഉൾപ്പെടെ കേസിൽ 14 പ്രതികളാണുള്ളത്. നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ പ്രതികൾക്ക് ലഭിക്കുമെന്ന വിശ്വാസത്തിലാണ് കെവിന്റെ കുടുംബം.