കോട്ടയം: കേരളാ മെഡിക്കൽ എഞ്ചിനിയറിംഗ് എൻട്രൻസ് പരീക്ഷയിൽ 584.9173 സ്കോർ കരസ്ഥമാക്കിയാണ് ഇടുക്കി അണക്കര സ്വദേശിയായ വിഷ്ണു വിനോദ് ഒന്നാം റാങ്കിലെത്തിയത്. മാന്നാനം കെ ഇ സ്കുളിൽ 12 ക്ലാസ് വിദ്യാർഥിയായ വിഷ്ണു പഠനത്തോടൊപ്പം പാല ബ്രില്യൻസ് കോളേജിൽ രണ്ട് വർഷമായി എൻട്രൻസ് കോച്ചിംഗും നടത്തിയിരുന്നു. ചിട്ടയായ പഠനവും മാതാപിതക്കളുടെയും അധ്യാപകരുടെയും പിന്തുണയുമാണ് വിജയത്തിന് പിന്നിലെന്ന് വിഷ്ണു പറയുന്നു.
വിഷ്ണുവിന്‍റെ വിജയത്തില്‍ സന്തോഷത്തിലാണ് മാതാപിതാക്കൾ. മകന്‍റെ പഠനത്തിനായി ഇടുക്കി വിട്ട് കോട്ടയത്തേക്ക് മാറി താമസിക്കുകയാണ് ഇവർ. കമ്പ്യൂട്ടർ സയൻസിൽ ഉപരിപഠനം നടത്താനാഗ്രഹിക്കുന്ന വിഷ്ണു ഐഐടി എൻട്രൻസ് ഫലം കാത്തിരിക്കുകയാണ്. അതിനുശേഷമാകും അന്തിമ തീരുമാനത്തിലെത്തുക എന്നും വിഷ്ണു പറയുന്നു.