കോട്ടയം: കോട്ടയത്ത് ചേര്‍ന്ന ബദല്‍ സംസ്ഥാന സമിതിയിലൂടെ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ജോസ് കെ മാണി ചുമതല ഏറ്റെടുത്തു. കോട്ടയത്തെ കേരള കോണ്‍ഗ്രസ് പാര്‍ട്ടി ആസ്ഥാനത്തെത്തിയാണ് ചുമതല ഏറ്റെടുത്തത്.
ചെയർമാനായി തെരഞ്ഞെടുത്തതിന് എല്ലാവരോടും നന്ദി അറിയിക്കുന്നതായി ജോസ് കെ മാണി പറഞ്ഞു. കെ എം മാണിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കും. പാര്‍ട്ടി ഒറ്റക്കെട്ടാണ് എന്നതിന് തെളിവാണ് യോഗത്തിലെ പങ്കാളിത്തമെന്നും ജോസ് കെ മാണി പറഞ്ഞു.
ഇ ജെ അഗസ്‌തിയാണ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് ജോസ് കെ മാണിയുടെ പേര് നിര്‍ദ്ദേശിച്ചത്. യോഗത്തിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങളും നിര്‍ദേശത്തെ പിന്തുണച്ചു. എന്നാല്‍ സി എഫ് തോമസ് അടക്കമുള്ള മുതിർന്ന നേതാക്കൾ യോഗത്തില്‍ നിന്ന് വിട്ടുനിന്നു. ഭൂരിപക്ഷം സംസ്ഥാന സമിതിയംഗങ്ങളും യോഗത്തിനെത്തി. എട്ട് ജില്ല പ്രസിഡന്‍റുമാരും 325 സമിതി അംഗങ്ങളും യോഗത്തിൽ പങ്കെടുത്തു.