കോട്ടയം: കേരള കോൺഗ്രസിന്‍റെ അമരക്കാരനും മുൻ മന്ത്രിയുമായിരുന്ന കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് രണ്ടാണ്ട്. പ്രായോഗിക രാഷ്ട്രീയത്തിന്‍റെ വക്താവ്, മുന്നണി രാഷ്ട്രീയത്തിലെ അവസാന വാക്ക് എന്നിങ്ങനെ നിരവധി വിശേഷണങ്ങളാണ് കെ.എം മാണിയുടെ പേരിനൊപ്പം രാഷ്ട്രീയ കേരളം ചാർത്തിക്കൊടുത്തിരിക്കുന്നത്. പാലായുടെ മാണിക്യമെന്നാണ് തെരഞ്ഞെടുപ്പുകളിൽ മാണിയെ വിശേഷിപ്പിച്ചിരുന്നത്.
കെ.എം മാണിയുടെ വിയോഗത്തിന് ഇന്ന് രണ്ടാണ്ട് കെ.എം മാണിയുടെ ചരമദിനത്തോട് അനുബന്ധിച്ച് ഇന്ന് കേരള കോണ്‍ഗ്രസ് എം ഇന്ന് കാരുണ്യ ദിനം ആചരിച്ചു. കാരുണ്യദിനത്തിന്‍റെ ഭാഗമായി പാലാ മരിയ സദനത്തില്‍ ഭക്ഷണ വിതരണം നടത്തി. പാലാ കത്തീഡ്രല്‍ പള്ളിയില്‍ പ്രത്യേക കുര്‍ബാനയും സെമിത്തേരിയിലെ സ്മൃതി കുടീരത്തില്‍ പ്രാര്‍ത്ഥനകളും നടന്നു. കുടുംബാംഗങ്ങളോടൊപ്പം കേരള കോണ്‍ഗ്രസ് എം നേതാക്കളായ എന്‍ ജയരാജ്, റോഷി അഗസ്റ്റന്‍, തോമസ് ചാഴിക്കാടന്‍ എംപി, ലോപ്പസ് മാത്യു, സ്റ്റീഫന്‍ ജോര്‍ജ്ജ്, ഫിലിപ്പ് കുഴികുളം ജോസ് ടോം എന്നിവരും ചടങ്ങുകളിൽ സംബന്ധിച്ചു. ജോസഫ് വിഭാഗം നേതാക്കളും കല്ലറയിലെത്തി പുഷ്പാര്‍ച്ചന നടത്തി. ജോസഫ് വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഇന്ന് അധ്വാന വര്‍ഗദിനമായി ആചരിക്കുകയാണെന്ന് മോന്‍സ് ജോസഫ് എംഎൽഎ പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, പ്രസാദ് ഉരുളികുന്നം തുടങ്ങിയവര്‍ സംബന്ധിച്ചു.1965 മുതല്‍13 തവണയാണ് പാലായിൽ നിന്നും കെ.എം മാണി നിയമസഭയിലെത്തിയത്. അതും ഒരു തവണ പോലും പരാജയപ്പെടാതെ. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം, ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ നിരവധി റെക്കോഡുകളാണ് കേരള രാഷ്ട്രീയത്തിൽ കെ.എം മാണിയുടെ പേരിനൊപ്പമുള്ളത്. കര്‍ഷക തൊഴിലാളി പെൻഷൻ മുതല്‍ കാരുണ്യ ലോട്ടറി വരെ മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു.കെ.എം മാണിയെന്നാൽ പാലായും പാലായെന്നാൽ കെ.എം മാണിയുമെന്നായിരുന്നു പതിറ്റാണ്ടുകളായുള്ള ചരിത്രം. അദ്ദേഹത്തിന്‍റെ വിയോഗ ശേഷം പാലാ കൈവിട്ടതും കേരള കോൺഗ്രസ് ഇടതു മുന്നണിയിലേക്ക് ചേക്കേറിയതുമെല്ലാമാണ് വർത്തമാനകാല രാഷ്ട്രീയം. എന്നാൽ അദ്ദേഹത്തിന്‍റെ മരണശേഷം നടന്ന ഉപതെരഞ്ഞടുപ്പിൽ കേരള കോൺഗ്രസ് സ്ഥാനാർഥി പരാജയപ്പെട്ടു. അങ്ങനെ കെ.എം മാണിയുടെ അഭാവത്തിൽ പാലാ ഇടതുപക്ഷത്തേക്ക് ചാഞ്ഞു. പി.ജെ ജോസഫുമായി വഴിപിരിഞ്ഞ കെ.എം മാണിയുടെ മകൻ ജോസ് കെ മാണിയും കേരള കോൺഗ്രസ് എമ്മും ഇടതു പാളയത്തിലെത്തി. നിയമസഭാ തെരഞ്ഞെടുപ്പിൽ പാലായിൽ ജോസ് ഇടതു മുന്നണി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്‌തു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ ജോസ് കെ മാണി മുന്നണി രാഷ്ട്രീയത്തിലെ കരുത്തനാകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.