കോട്ടയം: അധികാരത്തർക്കത്തിന്‍റെ പേരില്‍ യുഡിഎഫില്‍ നിന്ന് പുറത്തിറങ്ങിയ ജോസ് കെ മാണിക്ക് എല്‍ഡിഎഫ് പ്രവേശനം തലവേദനയാകുന്നു. ജോസ് പക്ഷത്തെ പ്രമുഖർക്ക് യുഡിഎഫിനോടുള്ള താല്‍പര്യമാണ് ജോസ് കെ മാണിയെ പ്രതിരോധത്തിലാക്കുന്നത്. ഹൃദയ ബന്ധം മുറിച്ചു കളഞ്ഞവരുമായി ഒരു ചർച്ചക്കും ഇല്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. അതോടെ ജോസിനെ പരോക്ഷമായി ക്ഷണിച്ചുകൊണ്ട് സിപിഎം സംസ്ഥാന സെക്രട്ടറിയും എല്‍ഡിഎഫ് കൺവീനറും രംഗത്ത് എത്തി. പക്ഷേ സിപിഎം നിലപാട് പരസ്യമാക്കിയതോടെ യുഡിഎഫ് നേതൃത്വം അയഞ്ഞു. മുന്നണിയില്‍ നിന്ന് പുറത്താക്കിയെന്ന വാർത്ത തെറ്റാണെന്ന് രമേശ് ചെന്നിത്തല കൂടി പറഞ്ഞതോടെ ജോസ് പക്ഷത്തെ പ്രമുഖരായ റോഷി അഗസ്റ്റിൻ എംഎല്‍എ, തോമസ് ചാഴികാടൻ എന്നിവർ എല്‍ഡിഎഫ് പ്രവേശനത്തിന് എതിരെ നിലപാട് എടുത്തു.
യുഡിഎഫ് പ്രവേശന സാധ്യതകൾ പുന:പരിശോധിക്കണം എന്ന് റോഷി അഗസ്റ്റിനും തോമസ് ചാഴികാടനും ജോസ് കെ മാണിയെ അറിയിച്ചതായാണ് സൂചന. വിഭിന്നാഭിപ്രായങ്ങൾ ഉയർന്ന സാഹചര്യത്തില്‍ കരുതലോടെ നീങ്ങാനാണ് ജോസ് കെ മാണിയുടെ ശ്രമം. അതിനായി പാർട്ടിയിലെ താഴെ തട്ടില്‍ യോഗങ്ങൾ ചേർന്ന് അഭിപ്രായങ്ങൾ തേടാനാണ് ജോസ് കെ മാണി ശ്രമിക്കുന്നത്. അതേസമയം, ചിഹ്നമടക്കമുള്ള കാര്യത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ വിധി പ്രതികൂലമെങ്കിൽ എന്ത് നിലപാട് സ്വീകരിക്കും എന്ന കാര്യവും ജോസ് കെ മാണി വിഭാഗം ചർച്ച ചെയ്യും.