കോട്ടയം: പാലാ കിഴതടിയൂര്‍ ബൈപ്പാസില്‍ കാല്‍നട യാത്രക്കാര്‍ക്ക് ദുരിതം. സിവില്‍ സ്റ്റേഷന്‍ ഭാഗം മുതല്‍ കെഎസ്ആര്‍ടിസി വരെയുള്ള ഭാഗത്ത് ഫുട്‌പാത്ത് ഇളക്കിയത് പുനഃസ്ഥാപിക്കാത്തതാണ് കാല്‍നടയാത്രക്കാര്‍ ബുദ്ധിമുട്ടിലാക്കുന്നത്. സ്വകാര്യ മൊബൈല്‍ കമ്പനി കേബിള്‍ സ്ഥാപിക്കുന്നതിനായാണ് ടൈലുകള്‍ കുത്തിപ്പൊളിച്ചത്. ആഴ്‌ചകള്‍ കഴിഞ്ഞിട്ടും ഇവ പഴയപടി ആക്കിയിട്ടില്ല. പാലാ ബൈപ്പാസില്‍ റോഡില്‍ ഇരുവശത്തും നടപ്പാതകള്‍ ഉയര്‍ത്തി നിര്‍മിച്ച് ടൈലുകള്‍ പാകി മനോഹരമാക്കിയിരുന്നു. ഇതിനടിയിലൂടെയാണ് ഇപ്പോള്‍ കേബിള്‍ സ്ഥാപിക്കുന്നത്. ഇതിനായി ലോക്ക് ഡൗണ്‍ ആരംഭിച്ച സമയത്താണ് ടൈലുകള്‍ കുത്തിപ്പൊളിച്ചത്. 90 ശതമാനത്തോളം ഭാഗത്തും കേബിള്‍ സ്ഥാപിച്ച് മൂടിയെങ്കിലും ടൈലുകള്‍ നടപ്പാതയില്‍ പലയിടത്തും നിരന്നുകിടക്കുകയാണ്. ചിലയിടത്ത് കുഴികളായും അവശേഷിക്കുന്നുണ്ട്. ഇളകിയ ടൈലുകളിലൂടെ നടക്കുന്നതും പ്രയാസകരമാണ്. ഇതേ തുടര്‍ന്ന് ആളുകള്‍ റോഡിലിറങ്ങിയാണ് നടക്കുന്നത്.
വാഹനവേഗം കൂടുതലുള്ള ബൈപ്പാസില്‍ റോഡിലൂടെയുള്ള കാല്‍നടയാത്ര അപകടം ക്ഷണിച്ചുവരുത്തും. ഇവിടെ മാര്‍ക്കിംഗ് കടന്നുള്ള പാര്‍ക്കിംഗും പതിവാണ്. കൂടാതെ നടപ്പാതയും പാര്‍ക്കിംഗ് ഏരിയയും ഉപയോഗിച്ചുകൊണ്ട് ഉന്തുവണ്ടി കച്ചവടവും ആരംഭിച്ചിട്ടുണ്ട്. കേബിള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തീകരിക്കാന്‍ വൈകുന്നതിനാലാണ് അറ്റകുറ്റപ്പണികള്‍ വൈകുന്നത്. മഴ ശക്തിപ്പെടും മുന്നേ നടപ്പാത ഉപയോഗയോഗ്യമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.