കോട്ടയം: കത്തോലിക്ക സഭയ്ക്കും സഭാ സ്ഥാപനങ്ങൾക്കുമെതിരെ സംഘടിതമായി വിവാദങ്ങളുണ്ടാക്കുന്നുവെന്ന് കെസിബിസി ഐക്യ-ജാഗ്രത കമ്മിഷൻ സെക്രട്ടറി ഡോ. മൈക്കിൾ പുളിക്കൽ. പൊതുവേദിയിൽ വച്ച് സ്കൂൾ വിദ്യാർഥിയെ അപമാനിച്ച സമസ്ത നേതാക്കൾക്ക് നേരെ വിവാദം ശക്തമായതോടെ അത് വഴിതിരിച്ചുവിടാനാണ് മലപ്പുറം സ്കൂളിലെ ലൈംഗിക വിവാദം ഉപയോഗിച്ചതെന്നും ദീപിക ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം ആരോപിച്ചു.
സഭയ്ക്കെതിരെ സംഘടിത നീക്കം: വോട്ടുകൾ ചിതറിക്കാനും സ്വരൂപിപ്പിക്കാനും കത്തോലിക്ക സഭയുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ മതിയെന്ന ചിലരുടെ ധാരണകളായിരുന്നു തൃക്കാക്കര സഭാസ്ഥാനാർഥി വിവാദത്തിന് പിന്നിലെന്നും കെസിബിസി ഭാരവാഹി കൂട്ടിച്ചേർത്തു.
കത്തോലിക്ക സിസ്റ്ററിന്റെ മരണം വിവാദമാക്കാൻ ഒരു സംഘടന ശ്രമിച്ചുവെന്നാരോപിച്ച അദ്ദേഹം, സാമ്പത്തിക നേട്ടത്തെക്കുറിച്ച് സിസ്റ്ററിന്റെ കുടുംബത്തോട് സംസാരിച്ചിട്ടും പ്രലോഭനത്തിന് വഴങ്ങാതിരുന്നതോടെ മരിച്ച സന്യാസിനിയെ സമൂഹമാധ്യമങ്ങൾ വഴിയും ലേഖനങ്ങൾ പ്രസിദ്ധീകരിച്ചും അപമാനിച്ചുവെന്നും പറഞ്ഞു.
ചേർത്തല എസ്എച്ച് നഴ്സിങ് കോളജുമായി ഉയരുന്ന വിവാദങ്ങൾ വിചിത്രമെന്നും, ചില മാധ്യമങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ ഇത്തരം ആരോപണങ്ങളെ പർവതീകരിച്ച് പ്രചരിപ്പിച്ചുവെന്നും മൈക്കിൾ പുളിക്കൽ ആരോപിച്ചു.
ലേഖനത്തിലെ പ്രധാന ഭാഗങ്ങൾ: ക്രൈസ്തവസ്ഥാപനങ്ങൾ പതിവില്ലാത്തവിധത്തിൽ ആരോപണങ്ങളെ നേരിടുകയും വിവാദങ്ങളിൽ അകപ്പെടുകയും ചെയ്യുന്ന കാഴ്ചകളാണ് സമീപദിവസങ്ങളായി കണ്ടുകൊണ്ടിരിക്കുന്നത്. ഈ നാളുകളിൽ ചർച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സാമൂഹികവും രാഷ്ട്രീയവുമായ ഒട്ടേറെ ഗുരുതര വിഷയങ്ങൾക്കിടയിൽ അവയെക്കാൾ പ്രാധാന്യത്തോടെ മാധ്യമങ്ങൾ ഇത്തരം വിഷയങ്ങൾ ചർച്ചചെയ്യാൻ മുന്നോട്ടുവരുന്ന കാഴ്ച ദുരൂഹമാണ്.
ചില വിവാദങ്ങളെ വഴിതിരിച്ചുവിടാൻ സഭയും സഭയുടെ സ്ഥാപനങ്ങളും ടാർജറ്റ് ചെയ്യപ്പെടുന്നുണ്ട് എന്നുള്ളതിന്റെ ഏറ്റവും അടുത്തകാലത്തെ ഉദാഹരണം മലപ്പുറം സെന്റ് ജെമ്മാസ് സ്കൂളിനെ വിവാദത്തിലേക്കു വലിച്ചിഴച്ച സംഭവംതന്നെയാണ്. സ്കൂളിൽനിന്നു വിരമിച്ച ഭരണകക്ഷി രാഷ്ട്രീയക്കാരനായ അധ്യാപകനെതിരേ വ്യക്തിപരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ ഒരു വിഭാഗം മാധ്യമങ്ങൾ ലക്ഷ്യമിട്ടതും പ്രതിക്കൂട്ടിൽ നിർത്തിയതും സ്കൂൾ മാനേജ്മെന്റിനെയായിരുന്നു. മാനേജ്മെന്റ് നൽകിയ വിശദീകരണത്തെ മറച്ചുവച്ചാണ് ഒട്ടേറെ ചർച്ചകൾ സംഘടിപ്പിക്കപ്പെട്ടതും.
അപമാനിതയാക്കപ്പെട്ട സ്കൂൾ വിദ്യാർഥിനിയെചൊല്ലിയുള്ള വിവാദങ്ങൾ സമസ്തയുടെ നേതാക്കൾക്കും അവരുടെ നയങ്ങൾക്കുംനേരേ വിരൽചൂണ്ടിയപ്പോൾ അതിനെ മറികടക്കാനുള്ള എളുപ്പവഴിയായാണ് സെന്റ് ജെമ്മാസ് സ്കൂളുമായി ബന്ധപ്പെട്ട വിവാദത്തെ ഒരു വിഭാഗംപേർ കണ്ടത് എന്നു വ്യക്തം.
കത്തോലിക്ക സ്ഥാപനങ്ങൾക്കെതിരേയും കത്തോലിക്ക സഭ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യങ്ങളിലും മാത്രം പ്ലക്കാർഡ് പിടിക്കുന്ന ചില ‘പ്രബുദ്ധ’ സംഘടനകളുടെ വക്താക്കൾ ആരോപണവിധേയനായ അധ്യാപകന്റെ വസതിക്കോ അദ്ദേഹം അംഗമായ പാർട്ടി ഓഫീസിലോ നിയമം നടപ്പാക്കേണ്ട പോലീസ് സ്റ്റേഷനു മുന്നിലോ പ്രതിഷേധിക്കാൻ തയാറാകാതെ മുമ്പ് അദ്ദേഹം അധ്യാപകനായിരുന്നു എന്ന ഒറ്റക്കാരണത്താൽ സ്കൂളിനു മുന്നിൽ പ്രതിഷേധത്തിനെത്തിയത് കുറെപ്പേർക്കെങ്കിലും തിരിച്ചറിവ് നൽകിയിട്ടുണ്ടാകും.
പ്രശ്നപരിഹാരമോ കുറ്റാരോപിതനെതിരായ നടപടികളോ എന്നുള്ളതിനപ്പുറം സഭയെ ഒന്നടങ്കം പ്രതിക്കൂട്ടിൽ നിർത്തി തത്കാലം തടിയൂരാനുള്ള കുതന്ത്രം മാത്രമാണ് അവിടെ കണ്ടത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി ചേർത്തല എസ്എച്ച് നഴ്സിങ് കോളജുമായി ഉയരുന്ന വിവാദങ്ങൾ വിചിത്രമാണ്. കോളജിനെതിരേ ചിലർ ഉയർത്തിയ ആരോപണങ്ങൾ ഏതാനും മാധ്യമങ്ങളുടെയും സംഘടനകളുടെയും സഹായത്തോടെ പർവതീകരിച്ച് അസത്യങ്ങളും അർധസത്യങ്ങളും സമൂഹത്തിൽ പ്രചരിപ്പിക്കാൻ ചില തത്പരകക്ഷികൾക്കു കഴിഞ്ഞിരിക്കുന്നു. കോളജിന്റെ കെഎൻഎംസി (കേരള നഴ്സിങ് ആൻഡ് മിഡ്വൈഫറി കൗൺസിൽ) രജിസ്ട്രേഷനും വൈസ് പ്രിൻസിപ്പലിന്റെ നഴ്സിങ് രജിസ്ട്രേഷനും റദ്ദാക്കി എന്നീ വ്യാജവാർത്തകളാണ് മുഖ്യധാരാ മാധ്യമങ്ങളിലൂടെപോലും വ്യാപകമായി പ്രചരിച്ചത്.
സന്യസ്തർക്കു നീതി നേടിക്കൊടുക്കുന്നവർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികൾ, ഈ അടുത്ത നാളുകളിൽ മരണപ്പെട്ട ഒരു സന്ന്യാസിനിയുടെ മാതാപിതാക്കളെ സമീപിച്ച് മരണത്തിൽ ദുരൂഹത ആരോപിക്കാൻ അവരെ പ്രേരിപ്പിക്കുകയുണ്ടായി. മകളുടെ മരണത്തിൽ മാനസികമായി വ്യഥയനുഭവിക്കുന്ന മാതാപിതാക്കളോടും കുടുംബാംഗങ്ങളോടും തങ്ങളുടെ കൂടെ നിന്നാൽ ലഭ്യമാകുന്ന സാമ്പത്തിക നേട്ടത്തെക്കുറിച്ചുപോലും അവർ സംസാരിച്ചുവത്രേ.
തങ്ങളുടെ പ്രലോഭനങ്ങൾക്ക് ആരും വഴങ്ങുന്നില്ല എന്നു കണ്ടപ്പോൾ മരിച്ച വ്യക്തിയെ അപമാനിച്ചുകൊണ്ട് ഫേസ്ബുക്ക് പോസ്റ്റും ലേഖനങ്ങളും അവർ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. മുമ്പുണ്ടായിട്ടുള്ള പല വിവാദങ്ങളിലും ഇത്തരക്കാരുടെ സമാനമായ ഇടപെടലുകൾ ദൃശ്യമായിട്ടുണ്ട്. ഈ നാട്ടിലെ നിയമ സംവിധാനങ്ങളെപ്പോലും വെല്ലുവിളിക്കുന്ന ഇത്തരക്കാരാണ് നീതിയെ മറയാക്കി തങ്ങളുടെ കത്തോലിക്കാ സഭാവിരോധം വിൽപന നടത്തി ജീവിക്കുന്ന ദുരൂഹതയുടെ വക്താക്കൾ.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉയർന്ന ഏറ്റവും വലിയ വിവാദമായിരുന്നു, സഭയുടെ സ്ഥാനാർഥി എന്ന ആരോപണത്തെ തുടർന്നുണ്ടായത്. വിവാദം ഇപ്പോൾ കുറച്ചൊക്കെ ശമിച്ചു കഴിഞ്ഞു, എങ്കിലും ആ വിവാദവും അതിനു പിന്നിൽ പ്രവർത്തിച്ചവരും ചില ചിത്രങ്ങൾ വരച്ചിടുന്നുണ്ട്. പലതും മറയ്ക്കാനും ഒളിപ്പിക്കാനും മാത്രമല്ല, വോട്ടുകൾ ചിതറിക്കാനും സ്വരൂപിപ്പിക്കാനും കത്തോലിക്കാ സഭയുടെ പേരിൽ വിവാദം ഉണ്ടാക്കിയാൽ മതിയെന്ന ചിലരുടെ ധാരണകളായിരുന്നു ആ വിവാദത്തിനു പിന്നിൽ.
എന്തിനും ഏതിനും കത്തോലിക്കാ സഭയുടെമേൽ പഴിചാരിയും വിവാദം സൃഷ്ടിച്ചും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും മുന്നോട്ടുപോകാമെന്ന ചിന്ത അപകടകരമാണ്. വാസ്തവങ്ങൾ തിരിച്ചറിഞ്ഞു പ്രതികരിക്കാൻ കേരളസമൂഹം മുന്നോട്ടുവരണം.