കോട്ടയം: അര നൂറ്റാണ്ടിലേറെ കേരള രാഷ്ട്രീയത്തിന്‍റെയും കേരള കോൺഗ്രസിന്‍റെയും നെടുംതൂണായി നിന്ന കെ.എം.മാണിക്ക് അന്തിമോപചാരമര്‍പ്പിച്ച് കേരളം. കെ.എം.മാണിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുളള വിലാപയാത്ര അദ്ദേഹത്തിന്‍റെ രാഷ്ട്രീയതട്ടകമായ കോട്ടയത്തെ തിരുനക്കര മൈതാനിയിൽ എത്തിച്ചു.
മണിക്കൂറുകള്‍ വൈകിയാണ് വിലാപയാത്ര തിരുനക്കരയിലെത്തിയത്. രാവിലെ കൊച്ചിയിലെ ആശുപത്രിക്കു മുന്നില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ നിന്നുള്ളവര്‍ ഉള്‍പ്പെടെ നൂറുകണക്കിനുപേര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. പ്രത്യേകം തയാറാക്കിയ വാഹനത്തില്‍ സ്വദേശമായ പാലായിലേക്കുള്ള യാത്രയിൽ വഴിയിലുടനീളം വന്‍ ജനാവലിയാണു കാത്തുനിന്നത്.
തിരുനക്കര മൈതാനത്ത് മാണിക്ക് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രിമാരായ കെ.സി ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍, എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ തുടങ്ങിയ നേതാക്കള്‍ എത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ കടുത്തുരുത്തിക്ക് അടുത്തുവച്ച് മൃതദേഹത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ തുടങ്ങിയവരും അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തി. തിരുനക്കരയില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് എമ്മിന്‍റെ ആസ്ഥാന മന്ദിരത്തില്‍ മാണിയുടെ ഭൗതിക ദേഹം പൊതുദര്‍ശനത്തിന് വയ്ക്കും. ഇതിന് ശേഷം പാലായിലേക്ക് കൊണ്ടുപോകും. ഇന്ന് ഉച്ചകഴിഞ്ഞ് പാലാ സെന്‍റ് തോമസ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലാണ് സംസ്കാര ചടങ്ങുകൾ.