കോട്ടയം: ഇടുക്കി ജില്ലക്ക് ബാധകമായ ഭൂവിനിയോഗ ഉത്തരവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ജനാധിപത്യ കേരള കോൺഗ്രസ് ചെയർമാൻ കെ.ഫ്രാൻസിസ് ജോർജ്. കോടതി നിർദേശപ്രകാരം സംസ്ഥാന സർക്കാർ കഴിഞ്ഞ ഓഗസ്റ്റില്‍ ഭൂവിനിയോഗ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിൽ അപാകതയുണ്ടെന്ന് കണ്ടതിനാൽ ഇക്കഴിഞ്ഞ 14 ന് വീണ്ടും ഉത്തരവിറക്കി. എന്നാൽ ഈ ഉത്തരവും മലയോര കർഷകരെ ആശങ്കപ്പെടുത്തുകയാണെന്നും സർക്കാർ ഇക്കാര്യത്തില്‍ പുനർവിചിന്തനം നടത്തണമെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു. 1993 ലെ ഭൂപതിവ് ചട്ടം മൂന്നാറിൽ ലംഘിക്കുന്നതായി ആരോപിച്ച് പരിസ്ഥിതി സംഘടനകൾ കോടതിയെ സമീപിച്ചതിന്‍റെ ഫലമായാണ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്.
1963 ലെ ഭൂപതിവ് ചട്ടത്തിൽ ഭൂമി കൃഷിക്കും വീട് വയ്ക്കാനും മാത്രമേ ഉപയോഗിക്കാവൂ എന്നാണ് നിഷ്‌കര്‍ഷിക്കുന്നതെന്ന് ഫ്രാൻസിസ് ജോർജ് പറഞ്ഞു. പിന്നീട് 1993 ൽ സർക്കാർ വനമേഖലയിലെ കർഷകകുടിയേറ്റം ക്രമീകരിക്കാൻ പ്രത്യേക ചട്ടം കൊണ്ടുവന്നു. ഇതിൽ കടമുറികൾ പണിയാമെന്ന് വ്യവസ്ഥയുണ്ടെന്നും എന്നാൽ ഈ മൂല നിയമങ്ങൾ കാലോചിതമായി ഭേദഗതി ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ മൂല നിയമത്തിൽ മൂന്നാർ മേഖലയായി നിർവചിച്ചിരിക്കുന്നത് കെ.ഡി.എച്ച്. വില്ലേജിനെപ്പറ്റിയാണ്. എന്നാൽ സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവിൽ കെ.ഡി.എച്ച് വില്ലേജിനെക്കൂടാതെ മറ്റ് ഏഴു വില്ലേജുകളെയും ഉൾപെടുത്തിയിട്ടുണ്ടെന്നും ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും ഫ്രാൻസിസ് ജോർജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
മൂന്നാറിൽ നിന്നും നൂറു കിലോമീറ്റർ അകലെയുള്ള ആനവിലാസത്തേയും ഭൂപതിവ് ചട്ടത്തിൽ ഉൾപെടുത്തിയത് വിചിത്രമാണ്. ഈ വിഷയം ഇടതുമുന്നണിയിൽ ഉന്നയിച്ചെങ്കിലും ചർച്ചക്ക് വന്നില്ലെന്നും ഫ്രാൻസിസ് ജോർജ് ആരോപിച്ചു. ഇതിന്‍റെ ഭാഗമായി നവംബർ ഒന്നിന് കട്ടപ്പനയിൽ പ്രതിഷേധ സംഗമം നടത്തുമെന്നും അദ്ദേഹം കോട്ടയത്ത് പറഞ്ഞു.