കോട്ടയം: കോട്ടയം അകലക്കുന്നം പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പിൽ ജോസഫ് - ജോസ് കെ. മാണി വിഭാഗങ്ങൾ നേർക്കുനേർ മത്സരിച്ചപ്പോൾ വിജയം ജോസ് പക്ഷത്തിന്. രണ്ടില ചിഹ്നമടക്കം നൽകി ബിപിൻ തോമസിനെ കളത്തിലിറക്കിയിട്ടും ജോസഫ് വിഭാഗത്തിനേറ്റ കനത്ത തിരിച്ചടിയാണ്. ജോസ് കെ. മാണി പക്ഷത്ത് നിന്നും മത്സരിച്ച ജോർജ് തോമസ് 63 വോട്ടുകൾക്കാണ് ബിപിൻ തോമസിനെ പരാജയപ്പെടുത്തിയത്.
ഫുട്ബോള്‍ ചിഹ്നത്തിൽ മത്സരിച്ച ജോർജ് തോമസിന്റെ വിജയത്തിലൂടെ ജോസ് വിഭാഗം തങ്ങളുടെ ജന പിൻതുണ ഉറപ്പിക്കുകയാണ്. അകലക്കുന്നത്തെ വിജയത്തിന് പിന്നാലെ ബദൽ സ്ഥാനാർഥിയെ നിർത്തി യുഡിഎഫിനെ പ്രതിരോധത്തിലാക്കാനാണ് ജോസഫ് ശ്രമിച്ചതെന്ന ആരോപണവുമായി ജോസ് വിഭാഗം രംഗത്തെത്തിയിരുന്നു. യുഡിഎഫിനെ ദുർബലപ്പെടുത്തുന്ന ഒറ്റുകാർക്കുള്ള കനത്ത തിരിച്ചടിയാണ് അകലക്കുന്നം പഞ്ചായത്തിലെ വിജയമെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. കാസർകോട് ബളാൽ പഞ്ചായത്തിലും കേരളാ കോൺഗ്രസ് ജോസ് പക്ഷം സീറ്റ് നിലനിർത്തിയിട്ടുണ്ട്.