കോട്ടയം: ജനതാദള്‍ സംസ്ഥാന ഘടകം പിളര്‍ന്നു എന്ന തരത്തില്‍ തിരുവനന്തപുരത്ത് ചേര്‍ന്ന വിമത വിഭാഗത്തിന്‍റെ അവകാശവാദം അടിസ്ഥാന രഹിതമെന്ന് സംസ്ഥാന കൗണ്‍സില്‍ അംഗവും കോട്ടയം ജില്ലാ ജനറല്‍ സെക്രട്ടറിയുമായ രാജീവ് നെല്ലിക്കുന്നേല്‍ ഇടിവി ഭാരതിനോട് പറഞ്ഞു. പാര്‍ട്ടിയില്‍ നിന്നും അച്ചടക്ക നടപടിയുടെ ഭാഗമായി ദേശീയ നേതൃത്വം പുറത്താക്കിയവര്‍ വിളിച്ചു ചേര്‍ത്ത യോഗം മാത്രമാണ് തിരുവനന്തപുരത്ത് നടന്നത് . ജെഡിഎസിന്‍റെ 175 അംഗ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളില്‍ 10ല്‍ താഴെ ആളുകള്‍ മാത്രമാണ് വിമത വിഭാഗം വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തിട്ടുള്ളത്. 140 നിയോജകമണ്ഡലം പ്രസിഡന്‍റുമാരില്‍ ഒരാളെയോ 14 ജില്ലാ പ്രസിഡന്‍റുമാരില്‍ ആരെയെങ്കിലുമോ യോഗത്തില്‍ പങ്കെടുപ്പിക്കാന്‍ വിമത വിഭാഗത്തിന് കഴിഞ്ഞിട്ടില്ല. സി കെ നാണു വിഭാഗം എന്നാണ് വിമതര്‍ സ്വയം വിശേഷിപ്പിക്കുന്നതെങ്കിലും സി കെ നാണുവും യോഗത്തില്‍ പങ്കെടുത്തിട്ടില്ലെന്നും രാജീവ് നെല്ലിക്കുന്നേല്‍ ചൂണ്ടിക്കാട്ടി.
ജെഡിഎസിനെ യുഡിഎഫില്‍ എത്തിക്കാനുള്ള പാഴ് വേലയാണ് വിമതര്‍ നടത്തുന്നത്. വിമതരുടെ നീക്കം മൂലം ഒരു ചലനവും പാര്‍ട്ടിയിലോ ഇടതുമുന്നണിയിലോ ഉണ്ടാകില്ലെന്നും രാജീവ് പറഞ്ഞു. ജനതാദള്‍ സെക്യുലര്‍ കോട്ടയം ജില്ലാ കമ്മറ്റിയിലാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കോട്ടയം ജില്ലാ പ്രസിഡന്‍റായിരുന്ന ആളെ മാറ്റി പുതിയ ആളെ പ്രസിഡന്‍റായി അവരോധിക്കാനുള്ള നീക്കത്തെ തുടര്‍ന്നാണ് വിമത നീക്കം ആരംഭിച്ചത്. ജില്ലാ പ്രസിഡന്‍റിനെ മാറ്റാന്‍ നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുള്ള സംസ്ഥാന പ്രസിഡന്‍റിനെ നീക്കാനുള്ള അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന കമ്മറ്റിയിലെയും ജില്ലാ കമ്മറ്റിയിലെയും അംഗങ്ങള്‍ ദേശീയ അധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്ന് കോട്ടയത്തെ മുന്‍ ജില്ലാ പ്രസിഡന്‍റിനെ തല്‍സ്ഥാനത്ത് തിരികെ എത്തിക്കണമെന്ന് ദേശീയ അധ്യക്ഷന്‍ രണ്ട് വട്ടം ആവശ്യപ്പെട്ടെങ്കിലും സംസ്ഥാന അധ്യക്ഷന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സംസ്ഥാന കൗണ്‍സില്‍ പിരിച്ചു വിട്ടതെന്ന് രാജീവ് നെല്ലിക്കുന്നേല്‍ പറഞ്ഞു.
കഴിഞ്ഞ സംസ്ഥാന കമ്മറ്റിയില്‍ പാര്‍ട്ടി അംഗത്വം പോലും ഇല്ലാത്തവരെ നേതൃ സ്ഥാനത്ത് പ്രതിഷ്ഠിച്ചതിനെ തുടര്‍ന്നാണ് ദേശീയ സമിതി ഇടപെട്ടതെന്നും രാജീവ് നെല്ലിക്കുന്നേല്‍ പറഞ്ഞു. ജെഡിഎസ് ഔദ്യോഗിക പക്ഷത്താണ് മാത്യു ടി തോമസ് എംഎല്‍എ, മന്ത്രി കെ കൃഷ്ണന്‍ കുട്ടി, നീലലോഹിതദാസന്‍ നാടാര്‍, ജോസ് തെറ്റയില്‍, മുന്‍ എംഎല്‍എ ജമീല പ്രകാശം, തുടങ്ങിയ പ്രമുഖ നേതാക്കൾ ഉള്ളത്. വിമത പക്ഷത്ത് ഒരു ജനപ്രതിനിധി പോലും ഇല്ല. കോട്ടയം ജില്ലയില്‍ നിന്നും കേവലം വിരലിലെണ്ണാന്‍ മാത്രം ആളുകളാണ് വിമതവിഭാഗത്തിലുള്ളത്. കോട്ടയം ജില്ലയില്‍ നിന്നുള്ള ഒമ്പത് നിയോജക മണ്ഡലം പ്രസിഡന്‍റുമാരും, സംസ്ഥാന കമ്മറ്റി അംഗങ്ങളും, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളും മാത്യു ടി തോമസ് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയുടെ ഭാഗമായി തന്നെ പ്രവര്‍ത്തിക്കുമെന്നും രാജീവ് നെല്ലിക്കുന്നേല്‍ വ്യക്തമാക്കി.