കോട്ടയം: വിധി ഏല്‍പ്പിച്ച പ്രഹരത്തെ പേപ്പര്‍ പേനകളുടെയും കുടകളുടെയും നിര്‍മ്മാണത്തിലൂടെ അതിജീവിക്കുകയാണ് കുമരകം സ്വദേശി ജനീഷ്. ജീവിതത്തില്‍ അപ്രതീക്ഷിതമായി ലഭിക്കുന്ന തിരിച്ചടികളെ മനക്കരുത്ത് കൊണ്ട് എങ്ങനെ നേരിടാം എന്ന് സമൂഹത്തെ പഠിപ്പിക്കുകയാണ് ജനീഷ് തന്‍റെ ജീവിതത്തിലൂടെ. അതേസമയം തന്നെ ജനീഷിന്‍റെ പേപ്പര്‍ പേന നിര്‍മ്മാണം പ്ലാസ്‌റ്റിക്കിന്‍റെ അമിത ഉപയോഗത്തിനെതിരായ ഒരു പോരാട്ടം കൂടിയാണ്.
പത്ത് വര്‍ഷം മുന്‍പ് സംഭവിച്ച അപകടത്തില്‍ അരയ്ക്ക് താഴെ തളര്‍ന്നെങ്കിലും ജനീഷിന്‍റെ മനസ്സിന്‍റെ കരുത്ത് തെല്ലും ചോര്‍ന്നില്ല. ജീവിതം വീടിനുള്ളിലേക്ക് ഒതുക്കേണ്ടി വന്നപ്പോഴും പരാജയപ്പെടില്ല എന്ന നിശ്ചയദാര്‍ഢ്യത്തിലൂടെ ജീവിതത്തെ കൂടുതല്‍ ആവേശത്തോടെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കാനുള്ള പരിശ്രമത്തിലാണ് ഇന്ന് ജനീഷ്. മുമ്പ് ചെത്ത് തൊഴിലാളിയായിരുന്ന ജനീഷ് തെങ്ങില്‍ നിന്നും വീണ് നട്ടെല്ലിന് പരിക്ക് പറ്റിയതോടെയാണ് അരയ്ക്ക് താഴെ തളര്‍ന്ന് കിടപ്പിലായത്.
ALSO READ: മുല്ലപ്പെരിയാറില്‍ മൂന്നാമത്തെ ഷട്ടറും തുറന്നു; ആശങ്ക വേണ്ടെന്ന് മന്ത്രിമാര്‍
കുറച്ച് നാളുകള്‍ക്ക് ശേഷം അച്ഛന്‍ മരിച്ചതോടെ ജനീഷിന് താനും അമ്മ ഓമനയും മാത്രമായി തന്‍റെ ലോകം. സ്വന്തം ചികിത്സ അടക്കമുള്ള കാര്യങ്ങള്‍ക്ക് വഴി കണ്ടെത്താന്‍ പ്രയാസപ്പെടുമ്പോഴാണ് പാലക്കാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹാന്‍ഡി ക്രാഫ്റ്റ് എന്ന സംഘടനയുടെ സഹായത്തോടെ പേപ്പര്‍ പേന നിര്‍മ്മാണം ആരംഭിക്കുന്നത്. പിന്നീട് ഇങ്ങോട്ട് ജനീഷ് തന്‍റെ ജീവിത കഥ രചിച്ചത് പേപ്പര്‍ പേന നിര്‍മ്മാണത്തിലൂടെയാണ്.
വെറും പേനയല്ല, നാളേയ്‌ക്കായുള്ള കരുതല്‍
വെറുമൊരു പേപ്പര്‍ പേനയല്ല ജനീഷ് നിര്‍മ്മിക്കുന്നത്, മറിച്ച് വിത്തു പേനകളാണ്. ഓരോ പേനയുടെയും നിര്‍മ്മാണത്തിന്‍റെ അവസാന ഘട്ടത്തില്‍ പേനയുടെ ചുവടറ്റത്തായി വൃക്ഷങ്ങളുടെയോ ചെറു സസ്യങ്ങളുടെയോ ഒന്നോ അതിലധികമോ വിത്തുകളും ചേര്‍ക്കും. ഉപയോഗ ശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന പേന മണ്ണില്‍ അലിയുമ്പോള്‍ ഈ വിത്തുകള്‍ മുളയ്ക്കുന്നു. പ്ലാസ്‌റ്റിക്ക് ഉപയോഗത്തിനെതിരായ പോരാട്ടവും ഒപ്പം ഭൂമിക്ക് തണലുമായി മാറുകയാണ് ജനീഷിന്‍റെ കരവിരുതില്‍ പിറവിയെടുക്കുന്ന വിത്തു പേനകള്‍.
പേപ്പര്‍ പേനകള്‍ മാത്രമല്ല കുട നിര്‍മ്മാണത്തിലും ജനീഷ് സജീവമാണ്. അഭയം എന്ന സംഘടന വഴിയാണ് ജനീഷ് കുട നിര്‍മ്മാണ രംഗത്തേക്ക് കടന്നു വരുന്നത്. അര മണിക്കൂര്‍ മുതല്‍ ഒരു മണിക്കൂര്‍ വരെ സമയം മതി ജനീഷിന് ഒരു കുടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍.
കാലന്‍ കുടകളും ടു ഫോള്‍ഡ്, ത്രീഫോള്‍ഡ്, കുടകളുമൊക്കെ നിര്‍മ്മിക്കുന്നതില്‍ ജനീഷ് വിദഗ്‌ദനാണ്. കുട നിര്‍മ്മാണത്തിലും പേന നിര്‍മ്മാണത്തിലും ജനീഷിന് ഇന്ന് പ്രധാന കൈസഹായം ഭാര്യ ദീപയാണ്. പേപ്പര്‍ പേനകള്‍ നിര്‍മ്മിക്കുന്നവരുടെ സമൂഹമാധ്യമ കൂട്ടായ്‌മയിലൂടെയാണ് ജനീഷ് തന്‍റെ ജീവിത പങ്കാളിയെയും കണ്ടെത്തിയത്.
ചെറുപ്പത്തിലേ പോളിയോ ബാധിച്ച് കാലുകള്‍ തളര്‍ന്ന ബേബി ദീപയെ രണ്ടു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ജനീഷ് ജീവിത സഖിയാക്കുന്നത്. ലോക്‌ഡൗണ്‍ കാലത്ത് പേപ്പര്‍ പേനകളുടെയും കുടകളുടെയും നിര്‍മ്മാണത്തിലൂടെയുള്ള വരുമാനം കുറഞ്ഞെങ്കിലും നാളയേക്കുറിച്ചുള്ള ശുഭ പ്രതീക്ഷകളിലാണിവര്‍. കുട്ടികള്‍ക്ക് ബാഗും നോട്ടുബുക്കുകളും വാങ്ങി നല്‍കുന്നതിനൊപ്പം പേപ്പര്‍ പേനകള്‍ കൂടി നല്‍കാന്‍ കഴിഞ്ഞാല്‍ അത് ജനീഷിനെ പോലെയുള്ളവര്‍ക്ക് വലിയ സഹായവും പരിസ്ഥിതിക്ക് വലിയ സംരക്ഷണവുമാകും.