കോട്ടയം:യാക്കോബായ സുറിയാനി സഭ സംഘടിപ്പിച്ചിരിക്കുന്ന അവകാശ സംരക്ഷണ യാത്ര കോട്ടയം ജില്ലയില്‍ പര്യടനം നടത്തി. തോമസ് മോര്‍ അലക്‌സന്ത്രയോസ് മെത്രാപ്പോലീത്ത ക്യാപ്റ്റനായുള്ള ജാഥയ്ക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം നല്‍കി. ഇടവക പള്ളികളില്‍ നിന്നും ആരെയും പുറത്താക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് സുപ്രീം കോടതി വിധിയില്‍ പരാമര്‍ശമുണ്ടായിട്ടും പിടിച്ചെടുത്ത പള്ളികളില്‍ യാക്കോബായ വിഭാഗത്തിന് പ്രവേശനം നിഷേധിക്കുന്നതിനെതിരെയാണ് തങ്ങളുടെ സമരമെന്ന് മലബാർ ഭദ്രാസനാധിപൻ സഖറിയാസ് മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
സഭാ വിശ്വാസികളായി മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ സെമിത്തേരികളില്‍ പ്രവേശിക്കാന്‍ കഴിയാതെ വന്നപ്പോള്‍ സെമിത്തേരി ബില്ലിലൂടെ മൃതദേഹങ്ങള്‍ ഇടവക പള്ളികളിലെ സെമിത്തേരികളില്‍ തന്നെ സംസ്‌കരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അവസരമൊരുക്കിയത് വിസ്‌മരിക്കാനാവില്ല. ആരാധാനാ സ്വാതന്ത്ര്യത്തിന്‍റെ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇതര സഭാ മേലധ്യക്ഷന്‍മാരുമായി ചര്‍ച്ച നടത്തിയത് വളരെ പ്രതീക്ഷ നല്‍കുന്നതാണ്. അതേസമയം പള്ളികള്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പിടിച്ചെടുത്ത് നല്‍കുവാന്‍ പൊതുജനത്തിന്‍റെ നികുതിപ്പണം ചിലവഴിക്കുന്നതിന് യോജിക്കാനാവില്ലെന്നും സക്കറിയാസ് മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത പറഞ്ഞു.
യാക്കോബായ സുറിയാനി സഭയുടെ അവകാശ സംരക്ഷണ യാത്ര കോട്ടയം ജില്ലയില്‍ പര്യടനം നടത്തി പള്ളിത്തര്‍ക്കം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വിഷയത്തില്‍ പ്രധാനമന്ത്രി ഇടാന്‍ സന്നദ്ധത അറിയിക്കുകയും ചെയ്‌തതായി മിസോറാം ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള യാക്കോബായ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്‌തത് സന്തോഷകരമായ വാര്‍ത്തയാണെന്നും അദ്ദേഹം പറഞ്ഞു. പള്ളിത്തര്‍ക്കത്തില്‍ കേന്ദ്ര സര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ നിയമനിര്‍മ്മാണത്തിന് തയ്യാറാവണം. യാക്കോബായ സഭാ വിശ്വാസികള്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പരമ്പരാഗത വോട്ടുബാങ്കാണെന്ന ചിന്തയ്ക്ക് ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പോടെ മാറ്റം ഉണ്ടായിട്ടുണ്ട്. യാക്കോബായ സഭയെ സഹായിക്കുന്നവരെ സഭ തിരിച്ചും സഹായിക്കും. എന്നാല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സഭ നേതൃത്വം ഒരുതരത്തിലുമുള്ള പ്രത്യേക ആഹ്വാനവും വിശ്വാസികള്‍ക്ക് നല്‍കിയിട്ടില്ലെന്നും സക്കറിയാസ് മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത പറഞ്ഞു. സഭയുടെ രണ്ടാംഘട്ട സമരപരിപാടിയായ ഇപ്പോള്‍ നടന്നു വരുന്ന അവകാശ സംരക്ഷണ യാത്ര ഡിസംബര്‍ 29ന് തിരുവനന്തപുരത്ത് സമാപിക്കും. ഇതിനോടകം സഭയുടെ ചൂണ്ടിക്കാണിച്ചിട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായില്ലെങ്കില്‍ ജനുവരി ഒന്ന് മുതല്‍ നിയമസഭയ്ക്ക് മുന്നില്‍ മെത്രാപ്പോലീത്തമാര്‍ അടക്കമുള്ളവര്‍ റിലേ സത്യാഗ്രഹം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.