കോട്ടയം: കൺസ്യൂമർ ഫെഡ് മദ്യ ഷോപ്പിന് സമീപം അധിക വിലക്ക് വിദേശമദ്യം വിറ്റിരുന്ന പൊതുപ്രവർത്തൻ പിടിയിൽ. നീലൂർ സ്വദേശി ബോസി വെട്ടുകാട്ടിലാണ് (47) പാലാ എക്സൈസ് സംഘത്തിന്‍റെ പിടിയിലായത്. പാലാ-കട്ടക്കയം റോഡിലുള്ള സുലഭ സൂപ്പർ മാർക്കറ്റിന്‍റെ പാർക്കിങ് ഗ്രൗണ്ടിലാണ് ഇയാൾ ഇന്ത്യൻ നിർമിത വിദേശമദ്യം അധിത വില ഈടാക്കി വിൽപ്പന നടത്തിയിരുന്നത്.
പ്രതിയുടെ പക്കൽ നിന്നും നാല് ലിറ്ററിൽ കൂടുതൽ വിദേശമദ്യവും മദ്യവിൽപ്പന വഴി ലഭിച്ച 2590 രൂപയും പിടിച്ചെടുത്തിട്ടുണ്ട്. മദ്യം വാങ്ങാനായി വരുന്ന ആളുകൾക്ക് ക്യൂവിൽ നിൽക്കാതെ മദ്യം നൽകാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചാണ് ഇയാൾ അധിക വിലക്ക് മദ്യം വിറ്റിരുന്നത്.
എക്സൈസിന് മദ്യം വിറ്റു.. കുടുങ്ങി..
അനധികൃതമായി മദ്യം വിൽക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മഫ്ത്തിയിലെത്തിയാണ് പ്രതിയെ പിടികൂടിയത്. മദ്യം വാങ്ങാനെന്ന രീതിയിൽ പാലാ എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്‍റീവ് ഓഫീസറായ സി. കണ്ണൻ സംഭവസ്ഥലത്ത് എത്തി. തുടർന്ന് ഓഫീസറെ പ്രതി പതിവ് രീതിയിൽ മദ്യം വിൽക്കനായി സമീപിച്ചു. മദ്യം പ്രതിയുടെ കയ്യിൽ നിന്നും കാശ് കൊടുത്ത് വാങ്ങിയ ഉടനെ മഫ്തിയിൽ മറഞ്ഞു നിന്ന പ്രിവന്‍റീവ് ഓഫീസർ ആനന്ദ് രാജും സംഘവും ചേർന്ന് പിടികൂടുകയായിരുന്നു.
കയ്യിലും സഞ്ചിയിലും ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിലുമായിരുന്നു മദ്യം ഒളിപ്പിച്ചിരുന്നത്. പൊതുപ്രവർത്തകനായിരുന്ന ബോസി ഒരു രാഷ്ട്രീയ കക്ഷിയുടെ യുവജന വിഭാഗം മുൻ ജില്ല പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുണ്ട്.
Also read: കെഎസ്‌ആർടിസി സ്റ്റാൻഡില്‍ ചാരായവുമായി സ്റ്റേഷൻ മാസ്റ്റർ പിടിയിൽ