കോട്ടയം: കെട്ടിട നിര്‍മാണ പെര്‍മിറ്റിന്‍റെ മറവില്‍ കരിങ്കല്‍ ഖനനം നടത്തുന്നതായി പരാതി ഉയരുന്നു. ഈരാറ്റുപേട്ട പീരുമേട് ഹൈവേയില്‍ വാഗമണ്‍ കാരികാട് ടോപ്പിന് സമീപമാണ് സംഭവം. ദിവസേന ലോഡ് കണക്കിന് കല്ലാണ് പൊട്ടിച്ച് മാറ്റുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഒരു മാസം മുന്‍പാണ് സംസ്ഥാന പാതയോട് ചേര്‍ന്ന് കാരികാട് ടോപ്പിന് സമീപമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. റോഡ് നിര്‍മാണമായിരുന്നു തുടക്കം. കെട്ടിട നിര്‍മാണത്തിന്ന് അനുമതി ലഭിച്ചിരിക്കുന്ന സ്ഥലത്തേക്കാണ് റോഡ് നിര്‍മ്മാണം. സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഭാഗത്ത് നിന്നാണ് റോഡ് ആരംഭിക്കുന്നത്. ലോഡ് കണക്കിന് കല്ലാണ് സംസ്ഥാന പാതയോട് ചേര്‍ന്നും അല്ലാതെയുമായി ദിവസേന പൊട്ടിക്കുന്നത്. അതേസമയം ലാന്‍ഡ് ഡെവലപ്‌മെന്‍റിനുള്ള അനുമതി ഇതേ വരെ പഞ്ചായത്തിൽ നിന്ന് നൽകിയിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം കരിങ്കല്‍ ഖനനം പകുതി പിന്നിട്ടശേഷം ലാന്‍ഡ് ഡിവലപ്‌മെന്‍റ് പെര്‍മിറ്റിന് സ്ഥലമുടമ അപേക്ഷ നല്‍കിയിട്ടുണ്ടെന്നാണ് വിവരം. രാത്രി കാലങ്ങളിലും കരിങ്കല്‍ ലോഡുമായി വാഹനങ്ങള്‍ വാഗമണ്‍ റൂട്ടിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. പാറ പൊട്ടിക്കുന്നത് റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്കും സമീപവാസികള്‍ക്കും ഭീഷണി ഉയര്‍ത്തുന്നതായി ബ്ലോക്ക് പഞ്ചായത്തംഗം ബിനോയി പറഞ്ഞു. പരിസ്ഥിതി ലോല പ്രദേശത്താണ് യാതൊരു അനുമതിയും മാനദണ്ഡവും പാലിക്കാതെ പാറ പൊട്ടിക്കുന്നത്. കുറച്ച് നാള്‍ മുന്‍പ് രാത്രിയില്‍ പറ പൊട്ടിച്ചതായും ആക്ഷേപമുണ്ട്. റവന്യു ഗ്രാമ പഞ്ചായത്ത് അധികാരികളുടെ മൗനാനുവാദവും അനധികൃത പാറഖനനത്തിന് ഉണ്ടെന്നാണ് വിവരം.