കോട്ടയം : കൂട്ടിക്കൽ പ്ലാപ്പിള്ളിയിലുണ്ടായ ഉരുള്‍പൊട്ടലിൽ മരണം ഏഴായി. മരിച്ചവർ ആറ് പേര്‍ ഒരു കുടുംബത്തിലെ അംഗങ്ങളാണ്. മാര്‍ട്ടിന്‍, അമ്മ അന്നക്കുട്ടി, മാര്‍ട്ടിന്‍റെ ഭാര്യ സിനി, മക്കളായ സ്‌നേഹ, സോന, സാന്ദ്ര എന്നിവരാണ് മരിച്ചത്. അപകടത്തിൽ കാണാതായ മൂന്ന് പേർക്കായുള്ള തിരച്ചിൽ മേഖലയിൽ തുടരുകയാണ്. പ്രദേശത്തെ മൂന്ന് വീടുകൾ ഒലിച്ചുപോയതായും വിവരമുണ്ട്.
നിലവിൽ കൂട്ടിക്കൽ പൂർണമായും ഒറ്റപ്പെട്ട അവസ്ഥയിലാണ്. പാങ്ങോട് സൈനിക ക്യാംപില്‍ നിന്നുള്ള 40 അംഗ കരസേനാസംഘം സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിന് വ്യോമസേനയുടെ ഹെലികോപ്റ്ററും ഉപയോഗപ്പെടുത്തുന്നുണ്ട്. സാരംഗ് എം 70 ഹെലികോപ്റ്ററുകളാണ് വിന്യസിക്കുന്നത്. വേണ്ടിവന്നാൽ കൂടുതൽ ഹെലികോപ്റ്റുകൾ എത്തിക്കാനും ആലോചിക്കുന്നുണ്ട്.
നിലവിൽ നാട്ടുകാരുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.എന്നാൽ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തിന് വെല്ലുവിളി ഉയർത്തുന്നു. ഏന്തയാർ, കൂട്ടക്കയം പ്രദേശങ്ങളിലും കാഞ്ഞിരപ്പള്ളി നഗരത്തിലും വെള്ളം കയറിയിട്ടുണ്ട്. അതേസമയം റോഡ് മാർഗം പ്രദേശത്ത് എത്താൻ നിലവിൽ വഴികളൊന്നുമില്ലെന്നാണ് ജില്ലാഭരണകൂടം അറിയിക്കുന്നത്.
മന്ത്രി വി.എൻ. വാസവൻ കൂട്ടിക്കൽ ചപ്പാത്തിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ കോട്ടയത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് പലരും വീടുകളുടെ രണ്ടാം നിലയിലേക്ക് കയറി നിൽക്കുകയാണെന്നാണ് വിവരം. ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് എത്തിക്കാനുള്ള സംവിധാനങ്ങളാണ് അധികൃതർ നിലവിൽ ആലോചിക്കുന്നത്.
കാഞ്ഞിരപ്പള്ളി താലൂക്കിൽ നിലവിൽ 13 ക്യാംപുകൾ ആരംഭിച്ചിട്ടുണ്ട്. 86 കുടുംബങ്ങളിലായി 222 അംഗങ്ങളാണ് ക്യാമ്പുകളിലുള്ളത്. ഏന്തയാർ ജെ.ജെ മർഫി സ്കൂൾ, മുണ്ടക്കയം സി.എം.എസ്, വരിക്കാനി എസ്.എൻ സ്കൂൾ, കൊരട്ടി സെന്‍റ് ജോസഫ് പള്ളി ഹാൾ, ചെറുവള്ളി ഗവൺമെന്‍റ് എൽ.പി സ്കൂൾ, ആനക്കല്ല് ഗവൺമെന്‍റ് ഹൈസ്കൂൾ, കാഞ്ഞിരപ്പള്ളി നൂറുൽ ഹുദ സ്കൂൾ, കൂവക്കാവ് ഗവൺമെന്‍റ് എച്ച്.എസ്., കെ.എം.ജെ സ്കൂൾ മുണ്ടക്കയം, വട്ടക്കാവ് എൽ.പി സ്കൂൾ, പുളിക്കൽ കോളനി അങ്കണവാടി, ചെറുമല അങ്കണവാടി, കോരുത്തോട് സി.കെ എം. എച്ച്.എസ് എന്നിവയാണ് ക്യാമ്പുകൾ.