കോട്ടയം: എരുമേലി തുമരംപാറ വനത്തിനുള്ളിൽ ഉരുൾപൊട്ടി. കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനിൽ നിന്നാണ് ഉരുൾപൊട്ടിയതായി അറിയിച്ചത്. ഉരുൾപൊട്ടലിൽ എരുമേലി പറപ്പള്ളികല ആശാൻ കോളനിയിൽ അഞ്ചോളം വീടുകളിൽ വെള്ളം കയറി.
ഏതാനും വീടുകളുടെ മതിലുകൾ ഇടിഞ്ഞു. സമീപത്തുള്ള കോഴിഫാമിൽ വെള്ളം കയറി. മലവെള്ളപ്പാച്ചിലിൽ 1500ഓളം കോഴികൾ ഒലിച്ചുപോയതായി എരുമേലി തെക്ക് വില്ലേജ് ഓഫിസർ അറിയിച്ചു. കോട്ടയം ജില്ലയിലെ എല്ലാ താലൂക്കുകളിലും ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജൂലൈ 31ന് യെല്ലോ അലർട്ടും ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഓഗസ്റ്റ് ഒന്നു മുതൽ മൂന്നുവരെ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചതായി ജില്ല കലക്‌ടർ പി.കെ ജയശ്രീ അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച മലയോര പ്രദേശങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ല കലക്‌ടർ നിർദേശിച്ചു.
24 മണിക്കൂറിൽ 115.6 മുതൽ 204.6 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.