കോട്ടയം: കിഫ്ബി ഓഡിറ്റിങ് സി.എ.ജിയെ കൊണ്ട് നടത്തില്ലെന്ന സംസ്ഥാന സര്‍ക്കാര്‍ നിലപാട് അഴിമതിയുടെ വലിയ തെളിവാണെന്ന് ബി.ജെ.പി ദേശീയ എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.കെ. കൃഷ്ണദാസ്. കിഫ്ബി വിദേശത്ത് നിന്നും കോടികളാണ് വായ്പ എടുത്തിരിക്കുന്നത്. സി.പി.എം സംസ്ഥാന സമിതിയല്ല സര്‍ക്കാരാണ് ഗ്യാരന്റി. പിന്നെ എന്തുകൊണ്ടാണ് കണക്ക് പുറത്ത് വിടാത്തതെന്നും പാലായില്‍ മാധ്യമങ്ങളോട് സംസാരിക്കവെ കൃഷ്ണദാസ് ചോദിച്ചു.
കോടികളുടെ കുംഭകോണമാണ് നടക്കുന്നതെന്ന് ബിജെപിയ്ക്ക് സംശയമുണ്ട്. എന്തുകൊണ്ടാണ് വരവ്- ചിലവ് കണക്കുകള്‍ പുറത്ത് വിടാത്തത്. ഇതൊന്നും സുതാര്യമല്ല. ധനമന്ത്രിക്ക് ഗൂഢലക്ഷ്യമുണ്ട് എന്ന് സംശയിക്കാം. ഒരു പക്ഷേ കേരളം കണ്ടതില്‍ ഏറ്റവും വലിയ കുംഭകോണമായിരിക്കാം കിഫ്ബിയുടെ മസാല ബോണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൊഴിലുറപ്പ് പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങ് നടത്തില്ലെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ഇതിന് കാരണം വ്യക്തമാക്കണം. തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടക്കാത്ത ഏക സംസ്ഥാനം കേരളമാണ്. ഇക്കാര്യത്തിൽ സി.ബി.ഐ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.