കോട്ടയം: നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി അപ്പര്‍ കുട്ടനാട്ടിലെ കർഷകര്‍. പ്രളയത്തില്‍ കൃഷിനാശമുണ്ടായവരെ സര്‍ക്കാര്‍ അവഗണിച്ചതോടെയാണ് നെല്‍വയലുകള്‍ സംരക്ഷിക്കാന്‍ കർഷകര്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്. പാടശേഖരങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന കനാലുകളിൽ നിന്ന് ഒരു മീറ്റർ ഉയരത്തിൽ കുമരകം മഞ്ചാടിക്കരയിൽ ബണ്ട് ഒരുക്കുകയാണ് ഇവർ.
കഴിഞ്ഞ പ്രളയത്തിൽ ബണ്ട് കെട്ടിയതിനേക്കാൾ ഉയരത്തിൽ വെള്ളമെത്തിയതാണ് കൃഷിനാശത്തിന് കാരണമായത്. സർക്കാർ സഹായങ്ങൾ കൂടി ലഭിക്കാതായതോടെ കൃഷിയിടങ്ങൾ സംരക്ഷിക്കാൻ പാടശേഖര സമിതികൾ നേരിട്ട് രംഗത്തിറങ്ങി. സമിതികള്‍ മുഖേന വായ്‌പയെടുത്താണ് നിര്‍മ്മാണം ആരംഭിച്ചത്. കരിനിലമെന്ന പരിഗണനയില്‍ വൈക്കം മേഖലയിലെ വയലുകള്‍ക്ക് ഇക്കുറി ഉയരത്തില്‍ ബണ്ട് കെട്ടാന്‍ പ്രത്യേക ഫണ്ടുകള്‍ അനുവദിക്കാനിരിക്കെയാണ് ഇവരുടെ ദുർഗതി. കനാലുകളിൽ നിന്ന് ചെളി കുത്തിയെടുത്ത് ഒരു മീറ്റർ ഉയരത്തിൽ കുമരകം മഞ്ചാടിക്കരയിലാണ് കർഷകർ ബണ്ട് ഒരുക്കുന്നത്. ഇതോടെ കൃഷി നാശം ഉണ്ടാകില്ലന്ന പ്രതീക്ഷയിലാണ് കർഷകർ.