കോട്ടയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതിരമ്പുഴ തൊട്ടിമാലിയിൽ അച്ചു സന്തോഷിനെ കാപ്പ ചുമത്തി തടങ്കലിലാക്കി. ജില്ല പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് ഇയാൾക്കെതിരെ കാപ്പ ചുമത്തിയിരിക്കുന്നത്.
കൊലപാതക ശ്രമം, പൊലീസ്-എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ തുടങ്ങിയ കേസുകളിൽ പ്രതിയാണ് അറസ്റ്റിലായ അച്ചു. ജില്ല മജിസ്ട്രേട്ട് കൂടിയായ ജില്ല കലക്‌ടറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് അച്ചുവിനെ ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത് വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കിയത്.
നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, കൊലപാതക ശ്രമം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് മുൻപ് കാപ്പ നടപടി നേരിട്ടിട്ടുള്ളയാളാണ് അച്ചു.
Also Read: തിരുവല്ലയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടു ; ഗർഭിണിയുൾപ്പെടെ 4 പേർക്ക് ഗുരുതര പരിക്ക്
2020 ഡിസംബർ മാസം അതിരമ്പുഴ കോട്ടമുറി ഭാഗത്തുവെച്ച് ഏറ്റുമാനൂർ സ്റ്റേഷനിലെ പൊലീസ് വാഹനം കേടുപാടുകൾ വരുത്തിയശേഷം ഒളിവിൽ കഴിഞ്ഞിരുന്ന അച്ചു സന്തോഷിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ കമ്പിവടിക്കാക്രമിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചിരുന്നു. ഈ കേസിൽ തൊടുപുഴ മുട്ടം ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞുവരവെയാണ് കാപ്പ നിയമ പ്രകാരമുള്ള അറസ്റ്റ്.