കോട്ടയം: ചക്കാമ്പുഴയിലും പരിസപ്രദേശങ്ങളിലുമായി കുറുക്കന്‍റെ ആക്രമണത്തിൽ നാല് പേർക്ക് പരിക്ക്. നടുവിലാമാക്കൽ ബേബി, നെടുംമ്പള്ളിൽ ജോസ്, തെങ്ങുംപ്പള്ളിൽ മാത്തുക്കുട്ടി, തെങ്ങുംപ്പള്ളിൽ ജൂബി എന്നിവരെയാണ് കുറുക്കൻ അക്രമിച്ചത്. ഇതിൽ നടുവിലാമാക്കൽ ബേബി എന്നയാളുടെ മുഖത്ത് ഗുരുതരമായ പരിക്കുകളുണ്ട്.
ഇദ്ദേഹത്തിന്‍റെ ഒരു വിരൽ ഭാഗികമായി കുറുക്കൻ കടിച്ചെടുത്തു. ഇന്ന് രാവിലെയായിരുന്നു ആക്രമണം ഉണ്ടായത്. എഴാച്ചേരി ഭാഗത്ത് നെടുംമ്പള്ളിൽ ജോസിനെ ആക്രമിച്ച ശേഷം കുറുക്കൻ ചക്കാമ്പുഴ വളക്കാട്ടുക്കുന്ന് ഭാഗത്തേക്ക് എത്തുകയായിരുന്നു. പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
കാട്ടിൽ നിന്ന് നാട്ടിലേക്ക്: അതേസമയം കഴിഞ്ഞ കുറച്ച് നാളുകളായി മനുഷ്യർക്ക് നേരെയുള്ള വന്യമൃഗങ്ങളുടെ ആക്രമണം കേരളത്തിൽ പതിവ് സംഭവമായി മാറിയിരിക്കുകയാണ്. ഇക്കഴിഞ്ഞ 19ന് കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കോട്ടയത്ത് രണ്ട് പേരും കൊല്ലത്ത് ഒരാളും കൊല്ലപ്പെട്ടിരുന്നു. എരുമേലി കണമലയിലുണ്ടായ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ചാക്കോ (65), തോമസ് (60) എന്നിവരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്തുവെച്ചും തോമസ് ചികിത്സക്കിടെയുമാണ് മരിച്ചത്. പുലർച്ചെ പറമ്പിൽ റബർ വെട്ടുകയായിരുന്ന തോമസിനെയാണ് കാട്ടുപോത്ത് ആദ്യം ആക്രമിച്ചത്. പരിക്കേറ്റ വിവരം തോമസ് തന്നെയാണ് ഫോണിലൂടെ അയൽവാസികളെ അറിയിച്ചത്.
പിന്നാലെ കണമല - ഉമികുപ്പ റോഡരികിലെ വീടിന്‍റെ സിറ്റൗട്ടില്‍ ഇരിക്കവെ ചാക്കോയേയും കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. പിന്നാലെ പ്രദേശവാസികൾ വലിയ പ്രതിഷേധമാണ് സംഘടിപ്പിച്ചത്. കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലണം എന്നാവശ്യപ്പെട്ടുകൊണ്ട് റോഡ് ഉപരോധം ഉൾപ്പെടെ നാട്ടുകാരുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചിരുന്നു.
കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണം: മെയ് 19ന് തന്നെയാണ് കൊല്ലത്തും കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടത്. ഇടമുളക്കൽ കൊടിഞ്ഞൻ സ്വദേശിയായ വർഗീസിന് (60) നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ഒൻപത് മണിയോടെ വീടിന് സമീപത്തെ റബ്ബര്‍ തോട്ടത്തിൽ നിൽക്കുമ്പോൾ രണ്ട് കാട്ടുപോത്തുകൾ പാഞ്ഞടുത്ത് വർഗീസിനെ കുത്തുകയായിരുന്നു.
അപകടമുണ്ടായതിന് ഒരു ദിവസം മുൻപാണ് വർഗീസ് വിദേശത്ത് നിന്ന് നാട്ടിലേക്കെത്തിയത്. റബർ തോട്ടത്തിലുണ്ടായിരുന്ന പാറക്കൂട്ടത്തിന് പിറകിൽ നിന്നാണ് കാട്ടുപോത്തുകൾ എത്തിയത് എന്നാണ് വിവരം. ആക്രമണത്തിനിടെ കാട്ടുപോത്തിൽ ഒരെണ്ണം സ്ഥലത്ത് കുഴഞ്ഞുവീണ് ചത്തിരുന്നു. മറ്റേ കാട്ടുപോത്ത് തിരികെ വനത്തിലേക്ക് പോയതായും വനംവകുപ്പ് അറിയിച്ചിരുന്നു.
അതിനിടെ തൃശൂര്‍ ചാലക്കുടിയിലും ജനവാസ മേഖലയില്‍ കാട്ടുപോത്ത് ഇറങ്ങിയിരുന്നു. മേലൂര്‍ വെട്ടുകടവ് ഭാഗത്താണ് കാട്ടുപോത്തിനെ കണ്ടത്. ആളുകള്‍ ബഹളം വച്ചതോടെ പോത്ത് വെട്ടുകടവ് പാലത്തിന് സമീപമുള്ള പറമ്പിലേക്ക് ഓടിക്കയറി അവിടെ നിലയുറപ്പിക്കുകയായിരുന്നു.
കരടിയുടെ ആക്രമണം: അടുത്തിടെ മലപ്പുറം ജില്ലയിലെ നിലമ്പൂരില്‍ ആദിവാസി യുവാവിനെ കരടി ആക്രമിച്ചതായും പരാതിയുയർന്നിരുന്നു. കാട്ടില്‍ തേനെടുക്കാൻ പോയ തരിപ്പക്കൊട്ടി കോളനിയിലെ വെളുത്തയ്ക്കാണ് കരടിയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. തേൻ ശേഖരിച്ച് മടങ്ങുന്നതിനിടെയായിരുന്നു കരടിയുടെ ആക്രമണം. ഇയാൾക്ക് കാലിലാണ് ഗുരുതരമായി പരിക്കേറ്റത്.
അടുത്തിടെ എരുമേലി തുമരംപാറയിൽ വന്യജീവിയുടെ ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ ചത്തിരുന്നു. ഇരുമ്പൂന്നിക്കര സ്വദേശി കൈപ്പള്ളി അനിലിന്‍റെ ആടുകളേയും അയൽവാസിയുടെ പട്ടിയെയുമാണ് വന്യജീവി കൊന്നത്. വളർത്തുമൃഗങ്ങളെ കൊന്നത് പുലിയാണെന്ന നിഗമനത്തെത്തുടർന്ന് വനംവകുപ്പ് പ്രദേശത്ത് കാമറയും സ്ഥാപിച്ചിരുന്നു.