കോഴിക്കോട്: വീട്ടില്‍ നിന്നും ഒരാഴ്ച്ചയായി കാണാതായ വയോധികയെ ഒടുവില്‍ കണ്ടെത്തി. കോടഞ്ചേരി സ്വദേശിനി വേങ്ങത്താനത്ത് ഏലിയാമ്മ ജോസഫിനെ (78) തേവർമലയിലെ കാടുമൂടിയ പാറക്കെട്ടിനു താഴെ നിന്നും ഞായറാഴ്‌ച കണ്ടെത്തുകായിരുന്നു. നാട്ടുകാരും പൊലീസും സന്നദ്ധ പ്രവർത്തകരുമടങ്ങുന്നവര്‍ ചേർന്നാണ് തെരച്ചില്‍ നടത്തിയത്.
ഓർമ്മക്കുറവുള്ള ഏലിയാമ്മയെ സെപ്റ്റംബർ 25ന് വൈകിട്ട് നാലുമണിയോടെയാണ് വീട്ടിൽനിന്ന് കാണാതായത്. തൊട്ടടുത്ത വീട്ടിൽ എത്തിയെങ്കിലും അവർ തിരിച്ചയച്ചു. മകൻ റോയിക്കൊപ്പം താമസിക്കുന്ന വയോധിക പുറത്ത് പോയാൽ അധികം വൈകാതെ തിരിച്ചെത്താറുണ്ട്. എന്നാൽ അന്ന് തിരിച്ച് വന്നില്ല.
മക്കൾ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതോടെ ലഭ്യമായ സി.സി.ടി.വി ദൃശ്യങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. മണം പിടിച്ച് ഡോഗ് സ്‌ക്വാഡ് തെരച്ചില്‍ നടത്തി. പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിൽ കടുവയുടെ കാൽപ്പാടുൾ കണ്ടത്തിയത് തെരച്ചിലിനിടെ ആശങ്കയിലാഴ്‌ത്തിയിരുന്നു.
ഒടുവിൽ വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ പരിശോധനയിൽ വീടിന്‍റെ രണ്ട് കിലോമീറ്ററോളം അകലെയുള്ള പാറക്കൂട്ടത്തിന് താഴെ നിന്നുമാണ് ഏലിയാമ്മയെ കണ്ടെത്തിയത്. കോടഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയ ഏലിയാമ്മ സുഖം പ്രാപിച്ചു വരുന്നു.
ALSO READ: കണ്ണൂരില്‍ വീടിന്‍റെ മേൽക്കൂര തകർന്നുവീണ് 60കാരി മരിച്ചു