കോട്ടയം: കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗണിന്‍റെ ആദ്യ നാളുകളിൽ തന്നെ റിസോർട്ടുകൾക്ക് പൂട്ടു വീണു. അതിഥികളില്ലാതെ നിശബ്‌ദമായിരുന്ന കുമരകത്തെ അവേദ റിസോർട്ട് ഇന്ന് ശബ്‌ദമുഖരിതമാണ്. 16,000 കരിമീൻ കുഞ്ഞുങ്ങളാണ് റിസോർട്ടിലെ നീന്തൽ കുളത്തിൽ നീന്തി തുടിക്കുന്നത്. റിസോട്ടിന്‍റെ പ്രവർത്തനങ്ങൾ നിലച്ചതോടെയാണ് ഉടമയായ പ്രശാന്ത് ചൗളയും, ജനറൽ മനേജരായ ജ്യോതിഷ് സുരേന്ദ്രനും ചേർന്ന് പ്രതിസന്ധി മറികടക്കാൻ പുതിയ മാർഗങ്ങൾ തിരഞ്ഞത്. അവസാനം റിസോർട്ടിലെ അരയേക്കറോളം വ്യാപിച്ചുകിടക്കുന്ന നീന്തൽ കുളത്തിൽ കുമരകത്തിന്‍റെ പ്രധാന ആകർഷണങ്ങളിലൊന്നായ കരിമീൻ കൃഷിയിറക്കാം എന്ന തീരുമാനത്തിലെത്തി.
നാല് ഹാച്ചറികളിൽ നിന്നായി രണ്ടര മാസത്തോളം പ്രായമുള്ള കരിമീൻ കുഞ്ഞുങ്ങളെ ജൂൺ മാസം ആദ്യ ആഴ്‌ചയിൽ തന്നെ കുളത്തിൽ നിക്ഷേപിച്ചു. രണ്ട് ലക്ഷത്തോളം രൂപ മീൻകൃഷിക്കായി ഇതുവരെ ചെലവായി. നവംബർ ആദ്യവാരത്തിൽ മീൻകൃഷിയുടെ വിളവെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് റിസോർട്ട് മാനേജ്‌മെന്‍റ്. റിസോർട്ട് മേഖല നിലവിൽ നേരിടുന്ന പ്രതിസന്ധി ഡിസംബർ മാസത്തോടെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയുണ്ടെങ്കിലും, പഴയ സ്ഥിതിയിലേക്ക് തിരികെയെത്താൻ കഴിയുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.