കോട്ടയം : കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ രണ്ട് മാസത്തിനുള്ളിൽ ആദ്യ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. മെഡിക്കൽ കോളജില്‍ നിർമാണം പൂർത്തീകരിച്ച, 8.89 കോടിയിൽപരം രൂപയുടെ വികസന പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിനുള്ള തയാറെടുപ്പ് നടക്കുകയാണ്. അത് നടക്കുന്നതോടെ ആരോഗ്യമേഖലയിൽ വലിയ മാറ്റത്തിന് വഴിതെളിക്കും. സാധാരണക്കാരായവരുടെ ചികിത്സയ്‌ക്ക് ആധുനിക സജ്ജീകരണങ്ങളും സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുള്ള കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ഉന്നതിയുടെ പടവുകൾ അതിവേഗത്തിലാണ് കടക്കുന്നത്.
അഞ്ച് വർഷത്തിനുള്ളിൽ നിരവധി പദ്ധതി
മെഡിക്കൽ കോളജ് ആശുപത്രിയുടെ അടിസ്ഥാന സൗകര്യങ്ങൾ വിപുലമാക്കുന്നതിന് നിരവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ച് വർഷത്തിനകം പൂർത്തീകരിച്ച് പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്. ഇവയുടെ മികവും കാര്യക്ഷമതയും കൊണ്ടാണ് രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ സൗജന്യ ചികിത്സ നൽകിയ സ്ഥാപനമാകാൻ ആശുപത്രിക്ക് സാധിച്ചതെന്നും മന്ത്രി പറഞ്ഞു.
കൊവിഡ് രണ്ടാം തരംഗം അതിശക്തമായി കേരളത്തെ പിടിച്ചുലച്ചപ്പോൾ വാക്‌സിനേഷൻ മാത്രമായിരുന്നു ഏക പ്രതിരോധമാർഗം. ആസൂത്രിതമായ നീക്കത്തിലൂടെ ജനവിഭാഗങ്ങളെ കൃത്യമായി ക്രമീകരിച്ച് വാക്‌സിനേഷൻ യജ്ഞം നടത്താനായി.
സംസ്ഥാനത്തെ മുഴുവൻ വകുപ്പുകളും അതിനെ പിന്തുണച്ചു. അതിന്‍റെ ഫലമായി 92 ശതമാനം ജനങ്ങൾക്ക് ഒന്നാം ഡോസ് വാക്‌സിനേഷൻ നൽകി. വാക്‌സിൻ വിതരണത്തിൽ ഇന്ത്യയിൽ ഏറ്റവും മുൻനിരയിലാണ് കേരളം. ഇതിനിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട സിക്ക, നിപ വൈറസുകൾക്കെതിരേയുള്ള പ്രതിരോധവും ശക്തമാക്കാനായി.
അവയവദാനം സുതാര്യമാക്കുക എന്നത് ലക്ഷ്യം
അവയവദാനപ്രക്രിയ സുതാര്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവർത്തനങ്ങൾക്ക് സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗിയുടെ ജീവൻ തിരിച്ചുപിടിക്കുന്നതോടൊപ്പം കുടുംബം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനുള്ള ശ്രമങ്ങളാണ് നടപ്പാക്കുക.
വ്യാജപ്രചരണം മൂലം അവയവദാന പ്രക്രിയയിൽ നിന്ന് ആളുകൾ പിന്തിരിയുന്ന സാഹചര്യമൊഴിവാക്കാൻ കെസോട്ടോ എന്ന പേരിൽ സൊസൈറ്റി രൂപീകരിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
ALSO READ: ഏഴ് പേര്‍ക്ക് പുതുജീവന്‍ നല്‍കി നേവിസ് യാത്രയായി; ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയം
മെഡിക്കൽ കോളജിൽ ഹെമറ്റോളജി ഡിപ്പാർട്ട്‌മെന്‍റ് ആരംഭിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചതായും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിഭാഗത്തിൽ പുതിയ ഉപകരണം വാങ്ങുന്നതിനായി എം.എൽ.എ. ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപ അനുവദിച്ചതായും യോഗത്തിൽ അധ്യക്ഷത വഹിച്ച സഹകരണ-രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ പറഞ്ഞു.
വാർധക്യത്തിൽ കൊവിഡ് ബാധിച്ചാൽ തിരിച്ചുവരവ് അസാധ്യമായി കണ്ടിരുന്ന ലോകത്തിന് മുന്നിൽ 90 വയസിന് മുകളിലുള്ള ദമ്പതികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് മാതൃക സൃഷ്‌ടിച്ചതാണ് കോട്ടയം മെഡിക്കൽ കോളജെന്നും അദ്ദേഹം പറഞ്ഞു.
6.20 കോടി രൂപ ചെലവിൽ നിർമിച്ച നഴ്‌സിങ് കോളജ് ഓഡിറ്റോറിയം, ലൈബ്രറി-പരീക്ഷ ഹാൾ, 40 ലക്ഷം രൂപ ചെലവിൽ നവീകരിച്ച ഏഴ്, എട്ട് ന്യൂറോ സർജറി വാർഡുകൾ, ഒരു കോടി രൂപ ചെലവിൽ കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിച്ച ഓക്‌സിജൻ ജനറേറ്റർ, 1.05 കോടി രൂപ ചെലവിൽ സ്ഥാപിച്ച 750 കെ.വി. ജനറേറ്റർ, സബ്സ്റ്റേഷൻ, 24.11 ലക്ഷം രൂപ ചെലവിൽ നിർമിച്ച നെഫ്രോളജി ലാബ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്.