കോട്ടയം: അന്താരാഷ്‌ട്ര വനിത ദിനത്തില്‍ കേരളത്തിന്‍റെ അഭിമാനമായി മാറിയ വനിതയാണ് ദീപമോൾ. 2022 മാര്‍ച്ച് എട്ടിന് ആംബുലന്‍സ് ഡ്രൈവറായി ചുമതലയേറ്റതോടെ 108 ആംബുലൻസിലെ സംസ്ഥാനത്തെ ആദ്യ വനിത ആംബുലൻസ് ഡ്രൈവർ എന്ന പേര് ദീപമോൾക്ക് സ്വന്തമായി. ആരോഗ്യ മന്ത്രി വീണ ജോർജിന്‍റെ കയ്യിൽ നിന്നാണ് അന്ന് ദീപ ആംബുലൻസിന്‍റെ താക്കോൽ ഏറ്റുവാങ്ങിയത്.
കോട്ടയം കുറുപ്പുന്തറ സ്വദേശിനിയാണ് ദീപമോൾ. ഭര്‍ത്താവ് മോഹന്‍, ബിടെക് പൂർത്തിയാക്കി നിൽക്കുന്ന ഏക മകൻ ദീപകും ഉള്‍പ്പെടുന്നതാണ് ദീപയുടെ കുടുംബം. നേരത്തെ ഡ്രൈവിങ് പഠിച്ചിരുന്നുവെങ്കിലും ഭർത്താവായ മോഹന്‍റെ അസുഖത്തെ തുടര്‍ന്നാണ് ഡ്രൈവിങ് പ്രൊഫഷനായി തിരഞ്ഞെടുത്തത്.
2008 മുതല്‍ ഡ്രൈവിങ് മേഖലയിൽ സജീവമാണ് ദീപ. നാട്ടില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്കുള്ള ഓട്ടവും ചെറിയ രീതിയിലുള്ള ആശുപത്രി ഓട്ടവുമായിരുന്നു ആദ്യകാലങ്ങളില്‍ പ്രധാനമായും ദീപയ്‌ക്ക് ലഭിച്ചിരുന്നത്. ശേഷം, അഞ്ച് വര്‍ഷം ഡ്രൈവിങ് പഠിപ്പിക്കുകയും ചെയ്‌തു.
സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിഞ്ഞത് അഭിമാനമാണെന്നും വനിതകള്‍ക്ക് മടി കൂടാതെ കടന്നുവരാന്‍ പറ്റിയ മേഖലയാണ് ഇതെന്നും ദീപ പറയുന്നു. ഭര്‍ത്താവിന്‍റെ രോഗത്തെ തുടര്‍ന്ന് നിരന്തരം ആശുപത്രികള്‍ കയറി ഇറങ്ങേണ്ടി വന്നപ്പോഴാണ് മറ്റുള്ളവരുടെ കഷ്‌ടപ്പാട് നേരില്‍ കണ്ടതും അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന തോന്നലുണ്ടായതും. അങ്ങനെയാണ് ദീപ ആംബുലൻസ് ഡ്രൈവറായത്.
യാത്രകളെ പ്രണയിക്കുന്ന ദീപമോൾ ആംബുലന്‍സ് ഡ്രൈവിങ്ങില്‍ മാത്രമല്ല, 4 x 4 ഇവന്‍റിലെ ഏഴ് മത്സരങ്ങളിലും തന്‍റെ മികവ് തെളിയിച്ചിട്ടുണ്ട്. മാത്രമല്ല ഫോര്‍ വീലര്‍ റാലിയില്‍ പങ്കെടുക്കണമെന്നാണ് ദീപയുടെ തുടര്‍ന്നുള്ള ആഗ്രഹം.