കോട്ടയം: പൂഞ്ഞാറിൽ കോടതി ജീവനക്കാരിയെ മർദിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റില്‍. ജയിംസ്, മകൻ നിഹാൽ എന്നിവരാണ് പിടിയിലായത്. ഇരുവർക്കുമെതിരെ ജാമ്യമില്ലാവകുപ്പുകൾ ചുമത്തി. സ്ത്രീത്വത്തെ അപമാനിക്കൽ, കയേറ്റം, കൃത്യനിർവഹണം തടസപ്പെടുത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ്.
വെള്ളിയാഴ്ച വിവാഹമോചന കേസുമായി ബന്ധപ്പെട്ട ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു ആക്രമണം. യുവതിയുടെ പിതാവും സഹോദരനുമാണ് കയ്യേറ്റം നടത്തിയത്. തലയോലപ്പറമ്പ് സ്വദേശിയായ യുവാവും പൂഞ്ഞാർ സ്വദേശിനിയും തമ്മിലുള്ള വിവാഹമോചന കേസ് പാലാ കുടുംബ കോടതിയിലാണ്. ദമ്പതികളുടെ കുട്ടിയെ യുവാവിനെ കാണിക്കണമെന്ന് ഉത്തരവ് കൈമാറാൻ എത്തിയപ്പോഴായിരുന്നു കോടതി ജീവനക്കാർക്കെതിരെ ആക്രമണം.
ALSO READ: CPM Leader Murder: സന്ദീപിന്‍റേത് രാഷ്ട്രീയ കൊലപാതകം; പൊലീസിനെ തള്ളി സി.പി.എം സംസ്ഥാന സെക്രട്ടറി
കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും ഉത്തരവ് കൈപ്പറ്റാത്തതുകൊണ്ടാണ് ആമേൻ റിൻസി നേരിട്ട് യുവതിയുടെ വീട്ടിലെത്തിയത്. യുവാവിനും സഹോദരിക്കും ഒപ്പമാണ് കോടതി ജീവനക്കാരി എത്തിയത്. ആമേൻ യുവാവിന്‍റെ ആളെന്ന് പറഞ്ഞായിരുന്നു പിതാവ് ജെയിംസിന്‍റെയും സഹോദരൻ നിഹാലിന്‍റെയും കൈയേറ്റം.
ജെയിംസ് കല്ലുകൊണ്ട് ആക്രമിക്കാന്‍ ശ്രമിച്ചു. പൂഞ്ഞാർ സ്വദേശിയായ യുവതി ജർമനിയിൽ നഴ്‌സാണ്. യുവതി വീട്ടിൽ ഇല്ലാത്തതുകൊണ്ടാണ് ഉത്തരവ് കൈപ്പറ്റാത്തത് എന്നാണ് വീട്ടുകാരുടെ വിശദീകരണം. ഈരാറ്റുപേട്ട പൊലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്.