കോട്ടയം : കനത്ത മഴയെത്തുടര്‍ന്ന് വീടിന് സമീപമുണ്ടായ വെള്ളക്കെട്ടില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു. കോട്ടയം അയ്‌മനം സ്വദേശി മുട്ടേൽ സ്രാമ്പിത്തറ ഭാനു കറുമ്പനാണ്(73) മരിച്ചത്. കന്നുകാലിക്ക് തീറ്റ നൽകാനായി പോകുമ്പോൾ വീടിന് തൊട്ടടുത്ത്, അഞ്ചടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു.
ഏറെ നേരം കഴിഞ്ഞിട്ടും കാണാതായതോടെ ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ട് ദിവസമായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്ന് ഭാനുവിൻ്റെ വീട്ടിലും വെള്ളം കയറിയിരുന്നു. ഭാര്യ ശാന്തമ്മ, മകൾ അഖില മോൾ, മരുമകൻ സുനിൽ കെ. എസ്.
വെള്ളപ്പൊക്ക ദുരിതത്തില്‍ കോട്ടയം : അതേസമയം, കനത്ത മഴയില്‍ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ദുരിതത്തിലാണ്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പല ഭാഗത്തും വെള്ളം കയറിയിരിക്കുകയാണ്. വീടുകളിൽ ഉൾപ്പടെ വെള്ളം കയറിയതോടെ ഈ മേഖലയിലെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
കോട്ടയം ജില്ലയില്‍ ഇന്ന് മഴ പൊതുവെ കുറവായിരുന്നെങ്കിലും കിഴക്കന്‍ പ്രദേശത്തെ വെള്ളം ഒഴുകിയെത്തിയതോടെ പടിഞ്ഞാറന്‍ മേഖലയില്‍ ജലനിരപ്പ് ഉയരുകയായിരുന്നു. താഴെത്തങ്ങാടി, ഇല്ലിക്കല്‍, കുമ്മനം, ചെങ്ങളം, തിരുവാര്‍പ്പ്, ആര്‍പ്പുക്കര, അയ്‌മനം പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്.
കോട്ടയം കുമരകം റോഡില്‍ ഇല്ലിക്കലില്‍ ജലനിരപ്പ് ഉയര്‍ന്നു. ഇവിടെ വാഹന ഗതാഗതം ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ഇല്ലിക്കല്‍ കവലയില്‍ വെള്ളക്കെട്ട് ഉയര്‍ന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെ കടകള്‍ക്കുള്ളില്‍ വെള്ളം കയറി. തിരുവാര്‍പ്പില്‍ നിരവധി വീടുകളില്‍ വെള്ളം കയറി.
കിളിരൂര്‍ താമരശേരി കോളനി വെള്ളത്തിലായി. അംബേദ്‌കര്‍ കോളനി ഭാഗവും വെള്ളത്തിലായി. അയ്‌മനം പഞ്ചായത്തില്‍ പരിപ്പ്, മുട്ടേല്‍ പ്രദേശങ്ങളില്‍ നിരവധി വീടുകള്‍ വെള്ളത്തിനടിയിലായി. മുട്ടേല്‍ പാലത്തിന് സമീപം വെള്ളം കയറിയതിനാല്‍ വാഹന ഗതാഗതവും തടസപ്പെട്ടു.
വരമ്പിനരം ഭാഗത്തേക്ക് കാല്‍ നടയായോ വാഹനത്തിലോ എത്തിച്ചേരാന്‍ കഴിയാത്ത അവസ്ഥയിലായി. പരിപ്പില്‍ പാലം പണിയുന്നതിനായി നിര്‍മിച്ച സമാന്തര റോഡിന്‍റെ ബണ്ടിന് സമീപം വെള്ളം കരകവിഞ്ഞ് ഒഴുകിയതോടെ വാഹന ഗതാഗതം തടസപ്പെട്ടു. കുമരകത്തെ പാടശേഖരങ്ങളും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്.
കാര്‍ ഒഴുക്കില്‍പ്പെട്ടു : കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ പുതുപ്പള്ളിയില്‍ കാര്‍ ഒഴുക്കില്‍പ്പെട്ടു. പുതുപ്പള്ളി കൊട്ടാരത്തില്‍ കടവില്‍ ചൊവ്വാഴ്‌ച(ജൂലൈ 4) രാത്രിയിലാണ് കാര്‍ ഒഴുക്കില്‍പ്പെട്ടത്. കാറിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാര്‍ രക്ഷിച്ചു.
റോഡിന്‍റെ സമീപത്തെ തോട്ടിലേക്ക് കാര്‍ മറിയുകയായിരുന്നു. റോഡില്‍ വെള്ളം കയറിയെന്നും ഒഴുക്ക് അധികമാണെന്നും നാട്ടുകാര്‍ പറഞ്ഞിട്ടും കാറിലുള്ളവര്‍ കൂട്ടാക്കിയില്ല. ഒഴുക്കിലേക്കിറങ്ങിയ കാര്‍ പെട്ടെന്ന് നിന്നുപോവുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
ഞാലിയാകുഴി സ്വദേശിയും രണ്ട് കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്, അഗ്നിശമന സേന കാര്‍ ഉയര്‍ത്താന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. കാര്‍ വടം ഉപയോഗിച്ച് കെട്ടിയിട്ടിരിക്കുകയാണ്. പുതുപ്പള്ളി ഉള്‍പ്പടെയുള്ള ഭാഗങ്ങളില്‍ വെള്ളക്കെട്ടാണ്.
അതേസമയം, കോട്ടയം അയ്‌മനം ഫാമിലി ഹെൽത്ത് സെന്‍ററിലും വെള്ളം കയറി. അയ്‌മനം വല്യാട് പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെന്‍ററില്‍ ഇന്നലെ ഉച്ചയോടെയാണ് വെള്ളം കയറിയത്. സമീപത്തെ തോട് കരകവിഞ്ഞതാണ് വെള്ളം കയറാൻ കാരണമായത്.