കോട്ടയം: തിരുനക്കര ശ്രീ മഹാദേവ ക്ഷേത്രത്തിലെ അഞ്ചാം തിരുവുത്സവ ദിനമായ ശനിയാഴ്ച(19.03.2022) ക്ഷേത്ര തിരുമുറ്റത്ത് ആനയൂട്ട് നടന്നു. 5 കൊമ്പന്മാർക്കായിരുന്നു ഭഗവത് സന്നിധിയിൽ നേദിച്ച ചോറ് നൽകിയത്. രാവിലെ 10.30ന് നടന്ന ആനയൂട്ടിൽ പങ്കെടുക്കാന്‍ ആനപ്രേമികളും ഭക്തജനങ്ങളും എത്തി.
ഉഷശ്രീ ശങ്കരൻ കുട്ടി, വാഴപ്പള്ളി മഹാദേവൻ, കുന്നുമ്മേൽ പരശുരാമൻ, മണ്ണാർക്കാട് കണ്ണൻ, തോട്ടക്കാട് കണ്ണൻ എന്നീ ഗജരാജന്മാരാണ് ആനയൂട്ടിനെത്തിയത് . ക്ഷേത്രം തന്ത്രിയുടെ പ്രതിനിധി വാഴുർ കുഴിപ്പള്ളി ഇല്ലം ഉണ്ണികൃഷ്ണൻ നമ്പൂതിരിയാണ് ചടങ്ങുകൾക്ക് നേതൃത്വം വഹിച്ചത്. ആനകൾക്ക് തീർത്ഥം തളിച്ച ശേഷം പ്രത്യേകം നേദിച്ച ഉണക്കലരിയും ശർക്കരയും ചേർത്ത ഭക്ഷണമാണ് നൽകിയത് .
ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്‍റ് ടി.സി ഗണേശൻ , ഫെസ്റ്റിവൽ കോ ഓർഡിനേറ്റർ രാമാനുജം തുടങ്ങിയവരും ചടങ്ങിനെത്തി. ആനയുട്ടിന് മുന്നോടിയായി പുലർച്ചെ നാല് മണി മുതൽ നിർമാല്യ ദർശനമടക്കമുള്ള ക്ഷേത്ര ചടങ്ങുകളും നടന്നു.
ALSO READ: തിരുനക്കര മഹാദേവ ക്ഷേത്രോത്സവത്തിന് തിരിതെളിഞ്ഞു; ഉത്സവലഹരിയിൽ കോട്ടയം