കോട്ടയം: രണ്ടു നില വീട് കേന്ദ്രീകരിച്ച് ഹൈടെക്ക് രീതിയിൽ വ്യാജ ചാരായം വാറ്റിയ സംഘത്തെ എക്‌സൈസ് പിടികൂടി. രഹസ്യവിവരത്തിന്‍റെ പേരിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പൊൻകുന്നം ഇളങ്കുളത്ത് നിന്നു വൻ വാറ്റ് ശേഖരം പിടികൂടിയത്. കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ എ.ആർ.സുൽഫിക്കറിനു ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സഞ്ജീവ് കുമാറിന്‍റെ നേതൃത്വത്തിൽ ഉള്ള എക്സൈസ് സംഘമാണ് പൊൻകുന്നം ഇളങ്ങുളം ഭാഗത്ത് പരിശോധന നടത്തിയത്.
ALSO READ:ഇന്ധന നികുതി കുറയ്ക്കാനാവില്ലെന്ന് ധനമന്ത്രി
ഇളങ്ങുളം പൗർണമിയിൽ രാമചന്ദ്രൻ നായരുടെ മകൻ അശോക് കുമാറിന്‍റെ വീട്ടിലായിരുന്നു റെയ്‌ഡ്. വീടിന്‍റെ രണ്ടാം നിലയിൽ വാറ്റികൊണ്ടിരുന്ന അശോക് കുമാർ എക്സൈസ് സംഘത്തിന്‍റെ വാഹനം കണ്ട് രണ്ടാം നിലയുടെ പിൻവാതിലിലൂടെ ചാടി സമീപത്തുള്ള റബ്ബർ തോട്ടത്തിലൂടെ ഓടി മറഞ്ഞതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല. സെക്കൻഡ് ഹാൻഡ് വാഹന കച്ചവടത്തിന്‍റെ മറവിൽ ആവശ്യക്കാർക്ക് 2000 മുതൽ 2500 രൂപയ്ക്കു വരെയാണ് പ്രതി ചാരായം വിറ്റിരുന്നത്.
ALSO READ:വാക്സിൻ സ്വകാര്യ ആശുപത്രികള്‍ക്ക്; സര്‍ക്കാര്‍ നിലപാടിനെതിരെ ചിദംബരം
പ്രതിയുടെ വീട്ടിൽ നിന്നും 20 ലിറ്റർ വാറ്റ് ചാരായവും 385 ലിറ്റർ ചാരായം വാറ്റുന്നതിനായി പാകപ്പെടുത്തി വെച്ചിരുന്ന വാഷും ഗ്യാസ് സിലിണ്ടറും സ്റ്റൗവും മറ്റു വ്യാജ മദ്യ നിർമാണ സാമഗ്രികളും കണ്ടെത്തി. മദ്യം വിറ്റ വകയിൽ ലഭിച്ച 23000 രൂപയും കണ്ടെടുത്തു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തു.
രണ്ട് ദിവസമായി പ്രതി എക്സൈസ് സംഘത്തിന്‍റെ നിരീക്ഷണത്തിലായിരുന്നു. പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്‍റീവ് ഓഫീസർ രഞ്ജിത്ത്, കെ. നന്ദ്യാട്ട് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീലേഷ് വി.എസ്, അഭിലാഷ് എം.ജി, നിമേഷ് കെ. എസ് ഡ്രൈവർ എം.കെ. മുരളീധരൻ എന്നിവർ പങ്കെടുത്തു.