കോട്ടയം: പറഞ്ഞുവരുമ്പോൾ വാഗമൺ സഞ്ചാരികളുടെ പറുദീസയൊക്കെയാണ്. എന്നാൽ ആ പറുദീസയിലേക്ക് എത്തിച്ചേരണമെങ്കിൽ സഞ്ചാരികൾ സ്വന്തം നടുവിനെ കുറിച്ച് മറക്കുന്നതാവും നല്ലത്. റോളർ കോസ്റ്റർ റൈഡ് പോലുള്ള അനുഭവമായിരിക്കും ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയുള്ള 23 കിലോമീറ്റർ ദൂരം വാഹനത്തിൽ സഞ്ചരിക്കുന്നവർക്ക് അധികാരികൾ വാഗ്‌ദാനം ചെയ്യുന്നത്.
വാഗമൺ ആസ്വദിക്കാനെത്തുന്നവർക്ക് ഈരാറ്റുപേട്ട മുതൽ വാഗമൺ വരെയുള്ള റോഡ് രസംകൊല്ലിയാണ്. ഈ ശനിദശ വാഗമണ്ണിനെ പിടികൂടിയിട്ട് കാലങ്ങളായി. വാഗമണ്ണിലെത്തുന്നവർ 23 കിലോമീറ്ററോളം കുഴിയെണ്ണി മടുത്തു.
ടൂറിസം വികസനത്തെ കുറിച്ച് വാതോരാതെ പറയുമ്പോഴും വാഗമണ്ണിലേക്കുള്ള വഴി നന്നാക്കാൻ അധികൃതർക്ക് കഴിയുന്നില്ല. മന്ത്രി മുഹമ്മദ് റിയാസ് മുൻകൈയെടുത്ത് 2022 ഫെബ്രുവരിയിൽ റോഡിന്‍റെ നിർമാണം തുടങ്ങിവച്ചിരുന്നു. 19.9 കോടി രൂപയായിരുന്നു നിർമാണ ചെലവ്. ആറ് മാസത്തിനുള്ളിൽ റോഡ് നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്.
ആദ്യ ഘട്ടം ഈരാറ്റുപേട്ട എംഇഎസ് ജംഗ്ഷൻ മുതൽ തീക്കോയി വരെ ടാറിങ് നടത്താനായിരുന്നു ഉദ്ദേശം. എന്നാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ പണികൾ നിലച്ചു. കരാറുകാരൻ പണികൾ നിർത്തിവച്ചു.
നടക്കൽ ഭാഗത്ത് ടാർ ചെയ്‌ത ഭാഗം ഇളകി റോഡ് വീണ്ടും കുഴിയായി. ഈരാറ്റുപേട്ടയിൽ നിന്ന് 7 കിലോമീറ്റർ ഭാഗം ബി.എം ആൻഡ് ബി.സി നിലവാരത്തിലും ബാക്കി ഭാഗം വെറ്റ് മിക്‌സും ഇട്ട് നന്നാക്കാനായിരുന്നു പദ്ധതി. എന്നാൽ കരാറുകാരൻ ഒഴിഞ്ഞു പോയതോടെ പണികൾ എങ്ങുമെത്താതെയായി.
വേറെ കരാറുകാരനെ ചുമതല ഏൽപ്പിക്കുമെന്നും പണി ഉടൻ പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞിരുന്നുവെങ്കിലും അതും നടന്നില്ല. മഴക്കാലം കൂടിയായതോടെ റോഡിന്‍റെ അവസ്ഥ ഇനിയും മോശമാകും. യാത്രാദുരിതം സഹിച്ചുമടുത്ത നാട്ടുകാർക്ക് ഈ റോഡ് ഇനി ആര് നന്നാക്കുമെന്ന് മാത്രമാണ് ചോദിക്കാനുള്ളത്.