കോട്ടയം: ഈരാറ്റുപേട്ട നഗരസഭയില്‍ തിങ്കളാഴ്ച ചെയർമാൻ തെരഞ്ഞെടുപ്പ് നടക്കും. യുഡിഎഫിലെ മുന്‍ ധാരണപ്രകാരം കോണ്‍ഗ്രസിലെ നിസാര്‍ കുര്‍ബാനിക്ക് വേണ്ടിയാണ് ലീഗ് കൗണ്‍സിലറായ വി.എം സിറാജ് രാജിവെച്ചത്. എന്നാല്‍ 27 അംഗങ്ങളുള്ള നഗരസഭയില്‍ നിലവിലെ സ്ഥിതി പ്രവചനാതീതമാണ്.
നാല് അംഗങ്ങളുള്ള എസ്ഡിപിഐയുടെയും മൂന്ന് അംഗങ്ങളുള്ള ജനപക്ഷത്തിന്‍റെയും നിലപാടുകളാണ് വോട്ടെടുപ്പില്‍ നിര്‍ണായകമാവുക. ഇടത് സ്ഥാനാര്‍ഥി ആരെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. വി.കെ കബീർ, ലൈല പരീത് എന്നിവർ മത്സരിക്കുമെന്നാണ് സൂചന. ശനിയാഴ്ച യോഗം ചേര്‍ന്ന് സ്ഥാനാര്‍ഥിയെ തീരുമാനിക്കുമെന്ന് ലോക്കല്‍ സെക്രട്ടറി വ്യക്തമാക്കി.
വോട്ടെടുപ്പില്‍ പങ്കെടുക്കണമോയെന്ന് എസ്ഡിപിഐ നാളെ തീരുമാനിക്കും. ഒരുതവണ എസ്ഡിപിഐ പങ്കെടുക്കുകയും മറ്റൊരിക്കല്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. എസ്ഡിപിഐ വോട്ടുകളെ എല്‍ഡിഎഫും യുഡിഎഫും മുമ്പ് തള്ളിക്കളയുകയും ചെയ്തിരുന്നു. മൂന്ന് അംഗങ്ങളുള്ള ജനപക്ഷവും സ്വതന്ത്രനായി മാറിയ ടിഎം റഷീദുമാണ് ഇവിടെ നിര്‍ണായകമാവുന്നത്. ഈ നാല് വോട്ടുകള്‍ ലഭിച്ചാല്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വിജയിക്കും. മടങ്ങിയെത്തിയ വൈസ് ചെയര്‍പേഴ്‌സണ്‍ ബല്‍ക്കീസ് നവാസടക്കം എട്ട് പേരാണ് എൽഡിഎഫിനുള്ളത്. 27 അംഗ നഗരസഭയില്‍ യുഡിഎഫ് 11 (കോണ്‍ഗ്രസ് മൂന്ന്, ലീഗ് എട്ട്), എല്‍ഡിഎഫ് എട്ട്, എസ്ഡിപിഐ നാല്, ജനപക്ഷം മൂന്ന്, ഒരു സ്വതന്ത്രന്‍ എന്നിങ്ങനെയാണ് കക്ഷിനില.