കോട്ടയം: ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ചട്ടപ്രകാരം സ്ഥാനം ലഭിക്കാതിരുന്ന ടി.എം.റഷീദ് നിയമപോരാട്ടത്തിന്. കൂടുതല്‍ വോട്ട് നേടി തെരഞ്ഞെടുക്കപ്പെട്ട തന്നെ സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കാതിരുന്ന വരണാധികാരിയുടെ നടപടിക്കെതിരെ റഷീദ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. ഹര്‍ജി നാളെ കോടതി പരിഗണിക്കും.
കഴിഞ്ഞ 16നായിരുന്നു ഈരാറ്റുപേട്ടയില്‍ ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് നടന്നത്. റഷീദിന് 12, യുഡിഎഫ് സ്ഥാനാര്‍ഥി വി.എം.സിറാജിന് 11, ലൈലാ പരീതിന് മൂന്ന് എന്നിങ്ങനെയായിരുന്നു വോട്ടുനില. ഡയസിലെത്തി സത്യപ്രതിജ്ഞക്കൊരുങ്ങവെയാണ് മൂന്നാം സ്ഥാനത്തെത്തിയ ആളെ ഒഴിവാക്കി വീണ്ടും വോട്ടിനിടണമെന്ന ചട്ടമുണ്ടെന്ന് യുഡിഎഫ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍ ലൈലയെ ഒഴിവാക്കി വോട്ടെടുപ്പ് നടത്തണമെന്ന ആവശ്യം അംഗീകരിച്ചില്ല. തെരഞ്ഞെടുപ്പ് കമ്മീഷനും വിഷയത്തില്‍ നാളെ കോടതിയില്‍ നിലപാട് വ്യക്തമാക്കും.
ഇനി വോട്ടിനിടുമ്പോൾ താനും സിറാജും മാത്രമേ രംഗത്തുണ്ടാകാന്‍ പാടുള്ളൂ എന്ന ആവശ്യവും റഷീദ് ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിനെ സിറാജ് തള്ളിപ്പറയുന്നത് പുറത്തുവന്നതോടെ ലീഗ് നേതൃത്വം സിറാജിനെ പാര്‍ലമെന്‍ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിന്നും നീക്കിയിരുന്നു. സിറാജ് വീണ്ടും മത്സരിക്കാനുള്ള സാധ്യത കുറവാണെങ്കിലും മുമ്പ് മത്സരിച്ചവര്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂവെന്ന് കോടതി നിര്‍ദേശിച്ചാല്‍ കോണ്‍ഗ്രസ് പങ്കെടുക്കാന്‍ സാധ്യതയില്ല. അത് റഷീദിന് ഗുണകരമാവും. ഹര്‍ജിയില്‍ കോടതിയുടെ തീരുമാനം ആശ്രയിച്ചാവും നഗരസഭ ഇനി ചെയര്‍മാനെ നിശ്ചയിക്കുക.