കോട്ടയം : പാലാ ഭരണങ്ങാനത്ത് ബൈക്ക് അപകടത്തിൽ എഞ്ചിനിയറിങ് വിദ്യാർഥി മരിച്ചു. പന്തളം സ്വദേശി ഷൈബിൻ കെ.മാത്യു (21) ആണ് കൊല്ലപ്പെട്ടത്. രാത്രിയിൽ ബൈക്കുമായി തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയപ്പോഴായിരുന്നു അപകടം. പാലാചൂണ്ടച്ചേരി എഞ്ചിനിയറിങ് കോളജിലെ മൂന്നാം വർഷ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിദ്യാർഥിയാണ്.
ചൊവ്വാഴ്ച രാത്രിയിലായിരുന്നു അപകടം. സുഹൃത്തിനൊപ്പം ബൈക്കില്‍ സഞ്ചരിക്കവെ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് വഴിയരികിലെ പെട്ടിക്കടയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഷൈബിൻ ബൈക്കിന് പിന്നില്‍ ഇരിക്കുകയായിരുന്നു. ഓടിച്ചിരുന്ന ക്രിസ് എന്ന വിദ്യാർഥി ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. ഷൈബിന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
Also Read: ചില്ലറ വില്‍പനയ്‌ക്കെത്തിച്ച എംഡിഎംഎയുമായി ഒരാള്‍ പിടിയില്‍
ബൈക്ക് പൂർണമായി തകർന്നു. കോളജിന് അടുത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു ഷൈബിനും സുഹൃത്തുക്കളും. രാത്രി ഭക്ഷണം കഴിക്കാനായി തട്ടുകട തേടി രണ്ട് ബൈക്കുകളിലായാണ് ഇവര്‍ സഞ്ചരിച്ചത്. സുഹൃത്തുക്കളായ രണ്ടുപേര്‍ മുന്നില്‍ പോയി.
പിന്നില്‍ വരികയായിരുന്ന ഷൈബിനും സുഹൃത്തും അപകടത്തില്‍പ്പെട്ടത് ഇവര്‍ അറിഞ്ഞിരുന്നില്ല. ഇവര്‍ തിരികെ വന്നപ്പോഴാണ് അപകടത്തില്‍പ്പെട്ട നിലയില്‍ ഇരുവരേയും കണ്ടെത്തിയത്. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.