കോട്ടയം: കൂരോപ്പടയിൽ ബൈക്കും വാനും കൂട്ടിയിട്ടിച്ച് എഞ്ചിനീയറിങ് വിദ്യാർഥി മരിച്ചു. ളാക്കാട്ടൂർ പുതുക്കുളങ്ങര വീട്ടിൽ അനിൽകുമാറിന്‍റെ മകൻ അദ്വൈത് അനില്‍ (19) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ മാടപ്പാട് കൂർങ്ങണാമറ്റത്തിൽ പ്രണവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പള്ളിക്കത്തോട്-കൂരോപ്പട റോഡിൽ കൂവപ്പൊയ്‌കക്ക് സമീപം ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. പള്ളിക്കത്തോട് കിറ്റ്‌സ് എഞ്ചിനീയറിങ് കോളജ് വിദ്യാർഥികളായ അദ്വൈത് അനിലും പ്രണവും സഞ്ചരിച്ച ബൈക്കിൽ എയ്‌സ് വാന്‍ ഇടിക്കുകയായിരുന്നു. ഇരുവരെയും ഉടൻ തന്നെ പാമ്പാടി താലൂക്ക് ആശുപത്രിയിലും, തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും അദ്വൈതിന്‍റെ ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു. സുനിതയാണ് അദ്വൈതിന്‍റെ മാതാവ്. ആകാശ്, ആദർശ് എന്നിവർ സഹോദരങ്ങളാണ്.