കോട്ടയം: കേരളാ കോൺഗ്രസ്(എം) ജോസ്.കെ മാണി, ജോസഫ് പക്ഷങ്ങളുടെ അധികാര തർക്കത്തിൽ ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് ഹിയറിങ് ആരംഭിക്കും. ഡൽഹിയിൽ ഉച്ചക്ക് ശേഷം 3 മണിയോട് കൂടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ ഇരുപക്ഷത്ത് നിന്നും ലഭിച്ചിട്ടുള്ള പരാതികളില്‍ വാദം കേൾക്കുക.
പാർട്ടി പിളർന്നെന്നും ചെയർമാന്റെ മരണശേഷം ജോസഫ് വിഭാഗം പാർട്ടി ഭരണഘടന തെറ്റായി വ്യാഖ്യാനിച്ചാണ് നിലവിൽ പ്രവർത്തിക്കുന്നത് എന്നും ചൂണ്ടിക്കാട്ടിയാവും ജോസ് പക്ഷത്തിന്റെ വാദം. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെ വിജയവും ജനവികാരവും ആദ്യഘട്ടത്തിൽ തെരഞ്ഞെടുപ്പ് കമ്മിഷനു മുന്നിൽ അവതരിപ്പിച്ച് ഔദ്യോഗിക പക്ഷം തങ്ങളാണെന്ന് ഉറപ്പിക്കാനുമാവും ജോസ് പക്ഷത്തിന്റെ ശ്രമം.
എന്നാൽ പാർട്ടിയിൽ പിളർപ്പില്ലെന്നും ഭരണഘടന മനസിലാകാതെയുള്ള ജോസ് പക്ഷത്തിന്റെ വ്യാഖ്യാനങ്ങളാണ് ഉണ്ടായതെന്നുമാണ് ജോസഫ് പക്ഷം ആദ്യ ഘട്ടത്തിൽ വാദിക്കുക. ഭരണഘടന അനുസരിച്ചുള്ള തീരുമാനങ്ങൾ മാത്രമാണ് ഉണ്ടായതെന്നും ജോസഫ് പക്ഷം തെരഞ്ഞെടുപ്പ് കമ്മിഷനെ ധരിപ്പിക്കും.
ജോസ് കെ മാണി പക്ഷത്തിനായി അഡ്വ.മീനാക്ഷി അറോറയും, ജോസഫ് പക്ഷത്തിനായി അഡ്വ. റോമി ചാക്കോയും തെരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ ഹാജരാകും. ആദ്യഘട്ടത്തിൽ നേതാക്കാന്മാർ നേരിട്ട് ഹാജരാകേണ്ടതില്ല എന്നാണ് ഇരുപക്ഷത്തിന്റെയും തീരുമാനം. ഒരാഴ്ചകൊണ്ട് വിവിധ പരാതികളിൽ വാദം കേട്ട് തെരഞ്ഞെടുപ്പ് കമ്മിഷൻ വിധി പുറപ്പെടുവിപ്പിക്കുമെന്നാണ് സൂചന.