കോട്ടയം : ഇലന്തൂരിലെ നരബലിക്കേസിൽ കുഴിച്ചെടുത്ത മൃതദേഹങ്ങൾ സ്ത്രീകളുടേതെന്ന് സ്ഥിരീകരണം. കോട്ടയം മെഡിക്കല്‍ കൊളജില്‍ നടന്ന പോസ്റ്റുമോർട്ടത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധനയ്ക്കായി പത്‌മത്തിന്‍റെയും റോസ്‌ലിന്‍റെയും ബന്ധുക്കളുടെ ഡിഎന്‍എ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. സാമ്പിളുകൾ നാളെ തിരുവനന്തപുരം കെമിക്കൽ ലാബിലേക്ക് അയക്കും. സാങ്കേതിക നടപടികൾ കൂടി പൂർത്തിയായ ശേഷം നാളെ മൃതദേഹാവശിഷ്‌ടങ്ങള്‍ പൊലീസിന് വിട്ടുകൊടുക്കും.
മൃതദേഹങ്ങൾക്ക് ദിവസങ്ങളുടെ പഴക്കം ഉണ്ടായിരുന്നതിനാലാണ് പോസ്റ്റുമോര്‍ട്ടം വൈകിയത്. 61 കഷണങ്ങളായിരുന്ന മൃതദേഹ അവശിഷ്‌ടങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷമാണ് ഇന്നലെ (ഒക്‌ടോബര്‍ 12) പോസ്റ്റുമോര്‍ട്ടം നടപടികൾ ആരംഭിച്ചത്. ഇന്നലെ രാവിലെ 11 മണിക്ക് തുടങ്ങിയ നടപടികൾ വൈകുന്നേരം 6 മണി വരെ നീണ്ടു.
രണ്ടാം ദിവസമായ ഇന്ന് ഉച്ചകഴിഞ്ഞ് 2 മണിക്കാണ് പോസ്റ്റുമോര്‍ട്ടം ആരംഭിച്ചത്. റോസ്‌ലിന്‍റെ ശരീര അവശിഷ്‌ടങ്ങളും പത്മയുടെ അഴുകിയ മൃതദേഹവുമാണ് പോസ്റ്റുമോർട്ടത്തിനായി ലഭിച്ചത്. ഫോറൻസിക് സർജൻമാരോട് ഇരുവർക്കും ശരീരത്തിലേറ്റ മുറിവുകളുടെ എണ്ണം ഉൾപ്പടെ വിശദമായ റിപ്പോർട്ട് പൊലീസ് ആവശ്യപ്പെട്ടിരുന്നു. ആന്തരിക അവയവങ്ങൾ നീക്കം ചെയ്‌തിട്ടുണ്ടെങ്കിൽ അതിന്‍റെ വിശദമായ വിവരങ്ങളും റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തണമെന്നും പൊലീസ് നിര്‍ദേശിച്ചിരുന്നു.