കോട്ടയം: പാലായ്ക്ക് സമീപം രണ്ട് അപകടങ്ങളിലായി എട്ട് പേര്‍ക്ക് പരിക്കേറ്റു. പാലാ കുറിഞ്ഞി, വലവൂര്‍ എന്നിവിടങ്ങളിൽ അയ്യപ്പ തീര്‍ഥാടകരുടെ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. വലവൂര്‍ ടൗണിന് സമീപം 12.30ഓടെയാണ് തീര്‍ഥാടകസംഘം സഞ്ചരിച്ചിരുന്ന വാഹനം മതിലിലിടിച്ചാണ് അപകടമുണ്ടായത്. നിയന്ത്രണംവിട്ട വാഹനം സമീപത്തെ മതിലില്‍ ഇടിക്കുകയായിരുന്നു. അഞ്ച് തീര്‍ഥാടകര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല. ആന്ധ്രയില്‍ നിന്നുള്ള സംഘം സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍ പെട്ടത്.
സ്ഥിരം അപകടമേഖലയായ തൊടുപുഴ പാലാ റൂട്ടില്‍ കുറിഞ്ഞി ഷാപ്പിന് സമീപമാണ് മറ്റൊരു അപകടമുണ്ടായത്. തീര്‍ഥാടക സംഘം സംഞ്ചരിച്ചിരുന്ന മിനി ബസും, കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ചെന്നൈയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 20പേരായിരുന്നു വാഹനത്തില്‍ ഉണ്ടായിരുന്നത്. അപകടത്തില്‍ കാറിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേറ്റു.