കോട്ടയം : ഓടുന്ന ട്രെയിനിൽ നിന്നിറങ്ങിയ വിദ്യാർഥിക്ക് ദാരുണാന്ത്യം (Student Met Tragic End). കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം ഉണ്ടായത്. ബോംബെ ജയന്തി ട്രെയിനിൽ നിന്നും, മറന്നുവച്ച കണ്ണട എടുക്കാൻ തിരികെ കയറുന്നതിനിടെയാണ് അപകടം നടന്നത്. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്.
പൂനെയിൽ ഹോട്ടൽ മാനേജ്മെന്‍റ് വിദ്യാർത്ഥിയായിരുന്നു ദീപക്. ഇവിടെ നിന്നും കോഴ്‌സ് പൂർത്തിയാക്കി വീട്ടിലേക്ക് വരവെയാണ് ട്രെയിനിൽ നിന്ന് വീണ് അപകടമുണ്ടായത്. സാധനങ്ങൾ എല്ലാം പ്ലാറ്റ് ഫോമിലേക്ക് എടുത്തുവച്ചെങ്കിലും കണ്ണട എടുക്കാൻ മറന്നുപോയത് മനസ്സിലാക്കി തിരികെ കയറുകയായിരുന്നു. ഇതിനിടെ ട്രെയിൻ നീങ്ങി ഫ്ലാറ്റ് ഫോം കഴിഞ്ഞിരുന്നു. ട്രെയിനില്‍ നിന്ന് വേഗത്തിൽ ഇറങ്ങുമ്പോഴായിരുന്നു പാളത്തിനടിയിലേക്ക് വീണത്.
അപകടത്തിൽ ദീപക്കിന്‍റെ ശരീരം രണ്ടായി മുറിഞ്ഞുപോയി. ദീപക്കിനെ സ്വീകരിക്കാനായി കോട്ടയം റെയിൽവേ സ്‌റ്റേഷനിൽ കാത്തുനിന്ന സുഹൃത്തുക്കൾ കാണാതായതോടെ ചങ്ങനാശ്ശേരി റെയിൽവേ സ്‌റ്റേഷനിലും, തിരുവല്ല റെയിൽവേ സ്‌റ്റേഷനിലും എത്തി കാത്തു നിന്നു. ഫോണിൽ വിളിച്ചിട്ടും ദീപക്കിനെ കുറിച്ച് വിവരമില്ലാത്തതിനെ തുടർന്ന് ഇവർ റെയിൽവേ പൊലീസ് സ്‌റ്റേഷനിൽ വിവരം ധരിപ്പിച്ചതോടെയാണ് സുഹൃത്തിന് ഉണ്ടായ അപകടം മനസ്സിലാക്കിയത്.
ദീപക്കിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കോട്ടയം ഈസ്‌റ്റ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. കോട്ടയം സ്‌റ്റാർ ജംഗ്‌ഷനിലെ ആദം ടവറിൽ പ്രവർത്തിക്കുന്ന ഇടശ്ശേരിയിൽ കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണ് പിതാവ്, സോളിയാണ് മാതാവ്, സഹോദരൻ സന്ദീപ്.