കടുത്തുരുത്തി (കോട്ടയം) : വിമുക്ത ഭടന്‍റെ വീട്ടിൽ മോഷണശ്രമം നടത്തിയയാള്‍ പിടിയില്‍. പാലായിൽ താമസിക്കുന്ന മകൾ സിസിടിവിയിൽ കണ്ട് അയൽവാസിയെ വിവരം അറിയിച്ചതോടെയാണ് മോഷ്‌ടാവിന് പിടിവീണത്. കീഴൂർ സ്വദേശിയും ആലപ്പുഴയിൽ താമസിച്ച് വരുന്നതുമായ ചിറ്റേത്ത് പുത്തൻപുരയിൽ റോബിൻസൺ (32) ആണ് പിടിയിലായത്.
അയല്‍വാസി അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസാണ് മോഷ്‌ടാവിനെ പിടിച്ചത്. വിമുക്തഭടന്‍ കീഴൂർ മേച്ചേരിൽ മാത്യുവും, ഭാര്യയും താമസിക്കുന്ന വീട്ടിൽ ബുധനാഴ്ച പുലർച്ചെ 1.30 ഓടെയാണ് മോഷണ ശ്രമമുണ്ടായത്.
പാലായിൽ താമസിക്കുന്ന ഇവരുടെ മകള്‍ സോണിയ മാത്യു കീഴൂരിലെ വീട്ടിലെ സിസിടിവി ദൃശ്യം തത്സമയം സ്വന്തം മൊബൈൽ ഫോണിൽ നോക്കിയപ്പോഴാണ് മോഷ്ടാവിനെ കാണുന്നത്.
രണ്ട് ക്യാമറ തുണികൊണ്ട് മൂടിയ ശേഷം മൂന്നാമത്തെ ക്യാമറ മൂടാൻ ശ്രമിക്കുമ്പോഴാണ് സംഭവം യുവതി കാണുന്നത്. ഉടൻതന്നെ സോണിയ അയൽവാസിയായ പ്രഭാത് കുമാറിനെ വിവരം അറിയിക്കുകയായിരുന്നു. പ്രഭാത് വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസിനെ കണ്ട മോഷ്ടാവ് ഒന്നാം നിലയിൽ നിന്നും ചാടി പുറത്തേക്ക് ഓടി.
also read:ദോശമാവ് വാങ്ങിയാല്‍ രണ്ടുണ്ട് ഗുണം! ദോശയും തിന്നാം സ്വര്‍ണ മൂക്കുത്തിയും കിട്ടും...
അര കിലോമീറ്ററോളം പിന്നാലെ ഓടിയാണ് പൊലീസ് ഇയാളെ പിടികൂടിയത്. പ്രതി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറും കൈവശം കരുതിയ ആയുധവും പിടിച്ചെടുത്തു. വെള്ളൂർ, തലയോലപ്പറമ്പ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരായ എസ്.ഐ കെ.സജി, സി.പി.ഒമാരായ പി.എസ്. വിപിൻ, രാജീവ്, ഹോംഗാർഡ് ബിജുമോൻ, സജി എന്നിവരും പങ്കെടുത്തു. വൈക്കം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.