കോട്ടയം: പൂഞ്ഞാർ തെക്കേകര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഎമ്മിൽ നിന്നും പുറത്താക്കിയതിനെ തുടർന്ന് പ്രചരിക്കുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് സിപിഎം പൂഞ്ഞാർ ഏരിയ കമ്മിറ്റി പ്രസ്താവനയിലൂടെ അറിയിച്ചു.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി പി.സി ജോർജിന്‍റെ കേരള ജനപക്ഷം പാർട്ടിയുമായി യാതൊരു ബന്ധവും പുലർത്തിയിരുന്നില്ല. എന്നാൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ലാതിരുന്ന പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആവശ്യപെടാതെ തന്നെ ജനപക്ഷം പാർട്ടി ഇടതുപക്ഷത്തിന് പിന്തുണ നൽകുകയായിരുന്നു. എന്നാൽ ജനപക്ഷം പാർട്ടിയുടെ പിന്തുണയിൽ ലഭിച്ച പ്രസിഡന്‍റ് സ്ഥാനം രാജി വയ്ക്കണമെന്ന് പാർട്ടി തീരുമാനം നടപ്പാക്കാതെ ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും ഇടയിൽ തെറ്റിദ്ധാരണ പരത്തുന്നതിനും ജോർജ് മാത്യു നടത്തിയ പാർട്ടി വിരുദ്ധപ്രവർത്തനം ന്യായികരിക്കുന്നതിനുമുള്ള പാഴ്ശ്രമം പൂഞ്ഞാറിലെ ജനാധിപത്യ വിശ്വാസികളും പാർട്ടി പ്രവർത്തകരും തള്ളികളയണമെന്നും ഏരിയ കമ്മിറ്റി സെക്രട്ടറി കുര്യാക്കോസ് ജോസഫ് പ്രസ്‍താവനയിലൂടെ അറിയിച്ചു.
ജോർജ് മാത്യുവിനെ പുറത്താക്കിയ ജില്ല കമ്മിറ്റി തീരുമാനം ലോക്കൽ കമ്മിറ്റി അംഗീകരിച്ചതാണ്. ഇത് സംബന്ധിച്ച ലോക്കൽ കമ്മിറ്റിയിൽ രണ്ടു അഭിപ്രായമുണ്ടെന്നത് തെറ്റായ പ്രചരണമെന്നും ലോക്കൽ സെക്രട്ടറി അറിയിച്ചു. തീരുമാനത്തിനെതിരെ മേൽ കമ്മിറ്റിക്ക് പരാതി നൽകിയെന്ന ജോർജ് മാത്യുവിന്‍റെ വ്യാജ പ്രചരണം കേരള ജനപക്ഷം പാർട്ടിയുമായി ഉണ്ടാക്കിയ രഹസ്യബന്ധം തുടരുന്നതിനും തന്‍റെ തെറ്റിനെ ന്യായികരിക്കുന്നതിനുമാണെന്നും പൂഞ്ഞാർ തെക്കേക്കര ലോക്കൽ സെക്രട്ടറി ടി.എസ് സിജു അറിയിച്ചു.